അബുദാബി: സ്‌കൂൾ ബസുകളുടെ യാത്രാദൈർഘ്യം 75 മിനിറ്റിൽ കൂടരുതെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. കുട്ടികളുമായി പോകുന്ന സ്‌കൂൾ ബസിന്റെ ഒരു ദിശയിലേക്കുള്ള യാത്രാ സമയം പരമാവധി 75 മിനിറ്റായിരിക്കണം. ബസ് പുറപ്പെട്ടതു മുതൽ അവസാനത്തെ കുട്ടിയും ഇറങ്ങുന്നതു വരെയാണ് ഇതു കണക്കാക്കുക എന്ന് നിർദ്ദേശത്തിൽ പറയുന്നു.
ബസിൽ കുട്ടികളെ നിരീക്ഷിക്കാൻ 4 ക്യാമറകളെങ്കിലും ഉണ്ടാകണം. ഇതിലെ ദൃശ്യങ്ങൾ 30 ദിവസം സ്‌കൂൾ അധികൃതർ സൂക്ഷിക്കുകയും വേണം. ഇതു പരസ്യപ്പെടുത്തുകയോ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് എന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
നിലവാരമുള്ള വാഹനങ്ങളിൽ ന്യായമായ നിരക്ക് വാങ്ങിയാകണം സ്‌കൂൾ ഗതാഗതസംവിധാനം ഒരുക്കേണ്ടത്. കുട്ടികൾക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ 11 മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കുട്ടികളുടെ യാത്രയുടെ ഉത്തരവാദിത്തം സ്‌കൂളിനാണെന്നും നിയമം നിഷ്‌കർഷിക്കുന്നു. പാർക്ക് ചെയ്ത ശേഷം കുട്ടികൾ വാഹനത്തിലില്ലെന്ന് സൂപ്പർവൈസർമാർ ഉറപ്പാക്കണം. കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും അറിയാൻ വാഹനത്തിൽ സാങ്കേതിക സംവിധാനമുണ്ടാകണം. ബസുകളുടെ റൂട്ടും സമയവും രക്ഷിതാക്കളെ അറിയിക്കണം. സൂപ്പർവൈസർമാരുടെ ഫോൺ നമ്പറുകൾ അവർക്കു നൽകണം. അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറും സൂപ്പർവൈസറും സ്‌കൂൾ അധികൃതരെ ഉടൻ വിവരമറിയിക്കണം. സ്‌കൂൾ വാഹനങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. ജിപിഎസ് സംവിധാനം നിർബന്ധം. എല്ലാ കുട്ടികൾക്കും ഇരിപ്പിടം ഉറപ്പാക്കുകയും വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകുകയും വേണമെന്നും നിർദ്ദേശമുണ്ട്.
Comments