കൊച്ചി : സിനിമ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഉണ്ടായ സംഘർഷത്തെക്കുറിച്ച് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. കളമശ്ശേരി എച്ച്.എം.ഡി റോഡിൽ വച്ച് തല്ലുമാല സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ സിനിമാപ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു. നാട്ടുകാരിൽ ഒരാളെ ഷൈൻ ടോം മർദ്ദിച്ചു എന്ന ആരോപണങ്ങളാണ് ഉയർന്നത്. ഇതിന് പ്രതികരണമാണ് ഷൈൻ കൊച്ചിയിലെത്തിയപ്പോൾ നൽകിയത്. പട സിനിമയുടെ പ്രദർശനത്തിന് എത്തിയതായിരുന്നു താരം.
തല്ലിയതിനെ കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാദ്ധ്യമപ്രവർത്തകരോട് താരം ചോദിക്കുകയായിരുന്നു. ‘ഞാൻ തല്ലില്ല, കൊല്ലും. ഇനി ഞാൻ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാൻ തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ”-ഷൈൻ ടോം ചോദിച്ചു. സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈൻ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് വന്നത്.
കമൽ സംവിധാനം ചെയ്യുന്ന ‘ പട’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ് തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, എവി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തൻ, പ്രകാശ് രാജ്, സലിം കുമാർ, ജഗദീഷ്, ടിജി രവി, അർജുൻ രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, കനി കുസൃതി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Comments