കൊൽക്കത്ത : സെലിബ്രിറ്റിയാണെന്ന് സ്വയം കരുതിയതിൽ ഖേദപ്രകടനവുമായി കാച്ചാ ബദാം പാട്ടിന്റെ സൃഷ്ടാവ് ഭൂപൻ ഭാഡ്യാകർ. പാട്ട് വൈറൽ ആയതിന് പിന്നാലെ സെലിബ്രിറ്റിയാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.
പാട്ട് വൈറൽ ആയതോടെ താൻ സ്വയം സെലിബ്രിറ്റായാണെന്ന് കരുതി പോയി. ഇതിൽ മാപ്പ് ചോദിക്കുന്നു. ഇനി ബദാം കച്ചവടം ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് തിരുത്തുന്നു. വേണ്ടിവന്നാൽ ബദാം കച്ചവടം നടത്തുമെന്നും ഭൂപൻ വ്യക്തമാക്കി.
തെരുവോരത്ത് ബദാം വിൽപ്പന നടത്തിയിരുന്ന ഭൂപൻ വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ താരം ആയത്. ബംഗാളിലെ തെരുവോരത്ത് ബദാം കച്ചവടം നടത്തുന്നതിനിടെ ആളുകളെ ആകർഷിക്കാൻ പാടിയ കച്ചാ ബദാം പാട്ടാണ് അദ്ദേഹത്തെ ലോകപ്രശസ്തൻ ആക്കിയത്. അദ്ദേഹത്തിന്റെ പാട്ട് ഏക്താരാ എന്ന യൂട്യൂബ് ചാനൽ വഴിയാണ് പുറം ലോകം അറിഞ്ഞത്. പിന്നാലെ ഈ ഗാനത്തിന്റെ പുതിയ വേർഷനും പുറത്തിറങ്ങി. ഇതോടെയാണ് കാച്ചാ ബദാമും, ഭൂപനും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായത്.
പാട്ട് വെെറൽ ആയതിന് പിന്നാലെ ഭൂപന്റെ വേഷത്തിലും ജീവിത രീതിയിലും ഉൾപ്പെടെ വലിയ മാറ്റങ്ങൾ ആയിരുന്നു ഉണ്ടായത്. സാധാരണ വസ്ത്രങ്ങൾ ധരിച്ചിരുന്ന അദ്ദേഹം പിന്നീട് വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കാർ ഓടിക്കാൻ പഠിക്കുന്നതിനിടെ അദ്ദേഹത്തിന് അടുത്തിടെ അപകടവും സംഭവിച്ചിരുന്നു.
Comments