കോട്ടയം: വളം കയറ്റാനെത്തി പാറമടക്കുളത്തിൽ വീണ ലോറി മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനൊടുവിൽ ഉയർത്തി. കോട്ടയം മറിയപ്പളളി മുട്ടത്ത് 60 അടി താഴ്ചയിലേക്ക് വീണ ലോറിയാണ് മണിക്കൂറുകൾ നീണ്ട ശ്രമത്തിൽ വെളളക്കെട്ടിൽ നിന്ന് പൊക്കിയെടുത്തത്. ചങ്ങനാശേരിയിൽ നിന്ന് 30 ടണ്ണിന്റെ രണ്ട് ക്രെയിനുകൾ എത്തിച്ചായിരുന്നു ലോറി ഉയർത്തിയെടുത്തത്.
പാറശാല സ്വദേശി അജികുമാറാണ് ലോറി ഓടിച്ചരുന്നത്. ഇയാളുടെ മൃതദേഹം ലോറിയുടെ ക്യാബിനിൽ നിന്നും കണ്ടെത്തി. ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഡ്രൈവർക്കായി സ്‌കൂബാ ടീം അടക്കം തിരച്ചിൽ നടത്തിയെങ്കിലും പുറത്തെടുക്കാനായിരുന്നില്ല.
ഇന്നലെ രാത്രിയാണ് ലോറി വെളളക്കെട്ടിലേക്ക് വീണത്. പ്രദേശത്തെ ഗോഡൗണിൽ വളം കയറ്റാൻ എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് പാറമടയിൽ വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ലോറി പൂർണമായി കുളത്തിന്റെ കയത്തിലേക്ക് മുങ്ങിപ്പോയതിനാൽ ഉയർത്തിയെടുക്കാനുളള ശ്രമങ്ങൾ വിജയിച്ചില്ല. തുടർന്നാണ് ചങ്ങനാശേരിയിൽ നിന്നും വലിയ ക്രെയിനുകൾ എത്തിച്ചത്.
















Comments