മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ബന്ധു നിയമനം. അധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റിയിൽ അംഗമായ ഡോ. എം മനോഹരന്റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലാണ് ഡോ. കൃഷ്ണറാണിയ്ക്കാ ണ് യു ജി സി മാനദണ്ഡങ്ങൾ ലംഘിച്ച് സർവ്വകലാശാലയിൽ നിയമനം നൽകിയിരിക്കുന്നത്.
കോഴിക്കോട് ഫറോക്ക് കോളേജിലെ അധ്യാപികയായിരുന്നു ഡോ. കൃഷ്ണറാണി. അധ്യാപികയുടെ ഭർത്താവും അധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റിയിൽ അംഗവുമായ ഡോ. എം മനോഹരന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് നിയമനം. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ച ഇവർക്ക് യുജിസി അനുശാസിക്കുന്ന പ്രബന്ധങ്ങൾ പോലും ഇല്ലെന്നാണ് ഉയരുന്ന ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് ലഭിച്ച പരാതിയിൽ ഈ മാസം അഞ്ചിന് വിശദീകരണം നൽകാൻ രാജ്ഭവനിൽ നിന്ന് വൈസ്ചാൻസിലർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കത്തിന് മറുപടി നൽകാതെ ഏഴിന് തന്നെ സർവകലാശാല നിയമനം നൽകി.യുജിസി യോഗ്യതയുള്ള മൂന്ന് ഉദ്യോഗാർത്ഥികളെ തള്ളിയാണ് ഡോ. കൃഷ്ണറാണിയുടെ നിയമനം. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ നടന്ന ബന്ധു നിയമനത്തെ ചൊല്ലി ഇടത് അധ്യാപക സംഘടനയ്ക്കുള്ളിലും ഭിന്നത രൂക്ഷമാണ്
Comments