ബെംഗളൂരു: റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം വാങ്ങിയപ്പോൾ 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച് പരാതി നൽകിയ ഹർജിക്കാരന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. ബെംഗളൂരു സ്വദേശിയായ മൂർത്തിക്കാണ് കോടതി പിഴ ചുമത്തിയത്. നിസ്സാര വിഷയം ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് പരാതിക്കാരന് 4,000 രൂപ പിഴ ചുമത്തിയത്. പ്രശസ്തിയ്ക്ക് വേണ്ടിയാണിയാൾ അനാവശ്യമായി പരാതി നൽകിയതെന്നും കോടതി അറിയിച്ചു.
2021 മെയ് 21നാണ് മൂർത്തി സെൻട്രൽ സ്ട്രീറ്റിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങിയത്. ഇയാൾക്ക് 265 രൂപയുടെ ബില്ലും ജീവനക്കാർ നൽകി. എന്നാൽ ആകെ ബിൽ തുക 264.60 രൂപയായിരുന്നു. ബിൽ റൗണ്ട് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായാണ് 265 രൂപ ഈടാക്കിയത്. 40 പൈസ അധികം ഈടാക്കിയത് എന്തിനാണെന്ന് റെസ്റ്റോറന്റ് ജീവനക്കാരോട് ചോദിച്ചിട്ടും അവർ തൃപ്തികരമായ മറുപടി നൽകിയില്ലെന്ന് കാണിച്ചാണ് മൂർത്തി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
40 പൈസ അധികം വാങ്ങിയത് വളരെ മോശമാണെന്നും ഇത് മാനസികാഘാതാമുണ്ടാക്കിയെന്നും ഒരു രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് മൂർത്തിയുടെ ആവശ്യം. എന്നാൽ നിയമ പ്രകാരം, 50 പൈസയ്ക്ക് മുകളിലുള്ള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് കോടതി അറിയിച്ചു. 50 പൈസയിൽ താഴെയുള്ള തുക ഒഴിവാക്കിയും റൗണ്ട് ഓഫ് ചെയ്യാമെന്നും കോടതി പറഞ്ഞു.
ബില്ലിലെ തുക 50 പൈസയ്ക്ക് മുകളിലായതിനാലാണ് ഒരു രൂപ അധികം ഈടാക്കിയതെന്ന് റെസ്റ്റോറന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. ഇതോടെ പരാതി അനാവശ്യമാണെന്നും കോടതിയുടെ സമയം മൂർത്തി പാഴാക്കുകയാണെന്നും വ്യക്തമാക്കിയ കോടതി ഇയാൾക്ക് 4,000 രൂപ പിഴ ചുമത്തുകയായിരുന്നു. 2,000 രൂപ റെസ്റ്റോറന്റിനും, 2,000 രൂപ കോടതിയ്ക്കും നൽകണമെന്നാണ് ഉത്തരവ്.
Comments