ബംഗളൂരു : കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അന്തിമ വിധി ഇന്ന്. ഹിജാബ് നിരോധനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ വിശാല ബെഞ്ച് വിധി പറയുക. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഇന്ന് മുതൽ മാർച്ച് 21 വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പോലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു.
ഇന്ന് രാവിലെ 10.30 നാണ് കോടതി വിധി പറയുക. 11 ദിവസമാണ് കോടതി വാദം കേട്ടത്. വിധി വരും വരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മത വസ്ത്രങ്ങൾ ധരിക്കുന്നതിന് കോടതി വിലക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാലാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു ഇടങ്ങളിലെ ഒത്തുചേരലുകൾക്കും പ്രതിഷേധ പരിപാടികൾക്കും വിലക്കുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
കൽബുർഗിയിലും ശിവമൊഗ്ഗയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെൽഗാവി, ഹസ്സൻ, ദേവാൻഗരെ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉഡുപ്പിലെ സ്‌കൂളിൽ ഹിജാബ് ധരിച്ചുകൊണ്ട് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമായത്. യൂണിഫോമിന് മുകളിൽ ഹിജാബ് ഇടണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഇതോടെ കാവി ഷാൾ ധരിച്ചുകൊണ്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് സംസ്ഥാനത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
വിഷയം കോടതിയിൽ എത്തിയതോടെ മുസ്ലീം വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തി. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്. എന്നാൽ ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25 ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സർക്കാർ വാദം. സ്വകാര്യ സ്ഥാപനങ്ങളിൽ ഡ്രസ് കോഡ് ഉണ്ടെന്നും അത് ലംഘിക്കാൻ സാധിക്കില്ലെന്നുമാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
Comments