പത്തനംതിട്ട: കേരളത്തിലെ കലാലയ അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഇപ്പോൾ കേരളത്തിൽ നടക്കുന്നത് കലാലയ രാഷ്ട്രീയമല്ല മറിച്ച് തികഞ്ഞ കലാലയ അക്രമ രാഷ്ട്രീയമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. രാഷ്ട്രീയത്തിൽ പോരാടാൻ ആശയങ്ങൾ ഇല്ലാത്തവരാണ് അക്രമം രാഷ്ട്രീയമായി കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.
തലയിൽ ആൾതാമസം ഇല്ലാത്ത ഭീരുക്കൾ ആണ് അക്രമ രാഷ്ട്രീയത്തിന് പിന്നിൽ. കൊടിയുടെ നിറം നോക്കാതെ അക്രമ രാഷ്ട്രീയത്തെ പേറുന്ന എല്ലാ പ്രസ്ഥാനങ്ങളെയും ഒന്നിച്ച് തള്ളിപ്പറയണമെന്നും ഗീവർഗീസ് കൂറിലോസ് പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോ കോളേജിൽ യൂണിയൻ ഉദ്ഘാടനത്തിനിടെ എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ മുൻ നിർത്തയാണ് അദ്ദേഹത്തിന്റെ വിമർശനം.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കോളേജ് യൂണിയൻ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെഎസ് യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്നയടക്കം മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിന് ഞാൻ ഒരുകാലത്തും അനുകൂലമല്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് കലാലയ അക്രമ രാഷ്ട്രീയം തന്നെയാണ്. പെൺകുട്ടികളെപ്പോലും വലിച്ചു ഇഴച്ചു മർദിക്കുക, കായിക ആക്രമണം നടത്തുക… പോരാടാൻ ആശയങ്ങൾ ഇല്ലാത്തവരും തലയിൽ ‘ആൾതാമസം’ ഇല്ലാത്തവരുമായ ഭീരുക്കൾ ആണ് അക്രമം രാഷ്ട്രീയമായി കാണുന്നത്. ഇവരൊക്കെ നാളത്തെ നേതാക്കൾ ആകുന്നതു ചിന്തിക്കു… ജനാധിപത്യപ്രതലത്തിൽ ആശയപരമായി രാഷ്ട്രീയപ്രവർത്തനം നടത്തൂ മക്കളെ…ദയവായി നിർത്തൂ ഈ അക്രമരാഷ്ട്രീയം… മടുക്കുന്നില്ലേ നിങ്ങൾക്കാർക്കും? അക്രമ രാഷ്ട്രീയത്തെ കൊടി നിറം നോക്കാതെ അപലപിച്ചു എല്ലാ പ്രസ്ഥാനങ്ങളും ഒരുമിച്ചു തള്ളിപ്പറയണം.
Comments