തിരുവനന്തപുരം: വിവിധ കേസുകളിൽ ആരോപണവിധേയനായ സംവിധായകൻ അനുരാഗ് കശ്യപിന് കേരളത്തിൽ അഭയം നൽകാൻ നീക്കം. ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത് ആണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്നു അനുരാഗ് കശ്യപ് ബിജെപിയുടെയും നരേന്ദ്രമോദിയുടെയും പതിവ് വിമർശകനുമാണ്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത് ഇക്കാര്യം പറഞ്ഞത്. അനുരാഗ് കശ്യപിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ അദ്ദേഹത്തിന് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന രണ്ട് സംസ്ഥാനങ്ങളേ ഉളളൂ. അത് കേരളവും തമിഴ്നാടുമാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ. കൊച്ചിയിൽ ഒരു വാസസ്ഥലം വാങ്ങാൻ അദ്ദേഹം ആലോചിക്കുന്നുവെന്നും രഞ്ജിത്ത് ഇതോടൊപ്പം വെളിപ്പെടുത്തുകയായിരുന്നു.
ഇന്നലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ക്ഷണിക്കപ്പെട്ട മുഖ്യാതിഥികളിൽ ഒരാൾ അനുരാഗ് കശ്യപ് ആയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ വെളിപ്പെടുത്തൽ. സർക്കാരിന്റെ സാംസ്‌കാരിക നയത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ എത്തിച്ചതെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി. ജന്മസ്ഥലമായ ഉത്തർപ്രദേശിൽ എത്തിയാൽ അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യും. ഇത് ഭയന്നാണ് കേരളത്തിലേക്ക് വരാൻ ആലോചിക്കുന്നത്.
ഉത്തർപ്രദേശിൽ അനുരാഗ് കശ്യപ് പോയിട്ട് ആറ് വർഷം കഴിഞ്ഞതായും രഞ്ജിത് പറയുന്നു. നേരത്തെ അഖിലേഷ് യാദവ് യുപി ഭരിച്ചിരുന്ന കാലത്ത് സിനിമയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ ഗ്രാൻഡ് അനധികൃതമായി വാങ്ങിയെടുത്തതായി അനുരാഗ് കശ്യപിനെതിരെ ആരോപണം ഉയർന്നിരുന്നു. യുപി സർക്കാർ മാസം തോറും നൽകിയിരുന്ന പെൻഷനും അനധികൃതമായി ഇയാൾ കൈപ്പറ്റിയിരുന്നതായി വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു.
Comments