ശ്രീനഗർ : രാജ്യവിരുദ്ധ ശക്തികളിൽ നിന്നും ശക്തമായ പോരാട്ടത്തിലൂടെ രാജ്യത്തെ സംരക്ഷിക്കുന്ന സിആർപിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 83ാമത് റെയ്സിംഗ് ഡേയുടെ ഭാഗമായി ജമ്മു കശ്മീരിലെ മൗലാനാ ആസാദ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ നേരിടാൻ പോകുന്ന വെല്ലുവിളികൾക്കായി ഇപ്പോൾ തന്നെ തയ്യാറായിരിക്കാനും അമിത് ഷാ പറഞ്ഞു.
ഭീകരർ, കമ്യൂണിസ്റ്റ് ഭീകരർ, മറ്റ് രാജ്യവിരുദ്ധ ശക്തികൾ എന്നിവയിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിൽ വലിയ പങ്കാണ് സിആർപിഎഫിന് ഉള്ളത്. സിആർപിഎഫ് എന്നത് വെറുമൊരു കേന്ദ്രസേന മാത്രമല്ല. ഈ രാജ്യത്തെ ഓരോ കുട്ടിയും നിങ്ങളുടെ ധീരതയെ ഇഷ്ടപ്പെടുന്നു. രാജ്യത്തിന്റെ ഏത് ഭാഗത്ത് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയാലും, സിആർപിഎഫിനെ വിന്യസിച്ചാൽ ആളുകൾക്ക് ആശ്വാസമാണ്. ത്യാഗം, ആത്മാർത്ഥത, അർപ്പണ മനോഭാവം എന്നിവയാണ് സിആർപിഎഫിനെ പ്രിയപ്പെട്ടത് ആക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
രാജ്യത്ത് പൂർണമായും സമാധാനം ഉറപ്പുവരുത്താൻ സാധിച്ചാൽ അതിന്റെ അംഗീകാരം സിആർപിഎഫ് ജവാന്മാർക്കാണ് ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷമുള്ള സിആർപിഎഫിന്റെ പ്രവർത്തനങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. 1990 കളിൽ കശ്മീരിൽ പാകിസ്താൻ പിന്തുണയോടെയുള്ള ഭീകര പ്രവർത്തനങ്ങളും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദവും ശക്തമായി നിലകൊണ്ടിരുന്നു. എന്നാൽ രണ്ട് ദശകത്തെ പ്രവർത്തനങ്ങൾ കൊണ്ട് ഇത് ഇല്ലാതെയായെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അതേസമയം ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ അമിത് ഷാ വിലയിരുത്തി. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്ക്കും, മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പമാണ് അദ്ദേഹം സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയത്. മുൻവർഷങ്ങളെക്കാൾ കഴിഞ്ഞ വർഷം ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ അമിത് ഷായോട് വിശദീകരിച്ചു.
Comments