തിരുവനന്തപുരം: പാറകടത്തുന്ന ലോറിക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നു എന്ന ആരോപണത്തിൽ സിപിഎമ്മിൽ അന്വേഷണ കമ്മീഷൻ. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിലിന് എതിരെയാണ് അന്വേഷണം.
കേരളാ മൈനിങ് കോർപ്പറേഷൻ ചെയർമാനാണ് മടവൂർ അനിൽ.സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ ഭാര്യാ സഹോദരിയുടെ മകൻ രഞ്ജിത്ത് ഭാസിയാണ് പരാതി നൽകിയത്. അന്വേഷണത്തിനായി പാർട്ടി ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെ നിയോഗിച്ചെന്നാണ് വിവരം.
നഗരൂർ കടവിളയിൽ വിഴിഞ്ഞം പോർട്ട് നിർമാണത്തിനായി അദാനിക്കുവേണ്ടി പാറ ഖനനം നടത്തുന്ന ക്വാറി പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ ട്രാൻസ്പോർട്ടിങ് കരാറുകാരനാണ് പരാതിക്കാരനായ രഞ്ജിത്ത് ഭാസി.
തൊഴിലാളികൾക്ക് കിലോമീറ്ററിന് നാല് രൂപ 50 പൈസ നിരക്കിലാണ് ലോഡ് കയറ്റി വിടുന്നത്. ചില വാഹനങ്ങൾക്ക് 5 രൂപ 25 പൈസയാണ് ഈടാക്കുന്നത്. കൂടുതൽ ഈടാക്കുന്നത് പാർട്ടിയ്ക്കുള്ള കമ്മീഷനായി എടുക്കുന്നുവെന്നാണ് പരാതി.
Comments