മുംബൈ : മഹാരാഷ്ട്രയിൽ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന പ്രസിഡന്റും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. എല്ലാ പഞ്ചായത്തുകളിലും ബിജെപിക്കെതിരെ വൻ പോരാട്ടം നടത്തണമെന്ന് ഉദ്ധവ് താക്കറെ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ശിവസേനയുടെ കാവിയെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കുമെന്നാണ് താക്കറെയുടെ വെല്ലുവിളി.
ബിജെപിയുടേത് അവസരവാദികളുടെ ഹിന്ദുത്വമാണെന്ന് താക്കറെ ആരോപിച്ചു. നമ്മൾ ഹിന്ദുത്വം നിറഞ്ഞു നിൽക്കുന്നവരാണെന്ന് ബിജെപിയ്ക്ക് കാണിച്ചുക്കൊടുക്കണം. എല്ലാ ഗ്രാമങ്ങളിലും ഹിന്ദുത്വം എത്തിക്കുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും താക്കറെ വ്യക്തമാക്കി.
ബിജെപി പിടിച്ചെടുത്ത എല്ലാ സീറ്റുകളിലും വിജയം കൈവരിക്കുക എന്നതാണ് ശിവസേനയുടെ ലക്ഷ്യം. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ പിടിച്ചെടുക്കണം. അതിനായി കൂടുതൽ പ്രവർത്തിക്കണം. സംസ്ഥാന വ്യാപകമായി പ്രചാരണം ഉടൻ ആരംഭിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് ഇടങ്ങളിലും ബിജെപി വൻ വിജയം കൈവരിച്ചിരുന്നു. ഇത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ബിജെപിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കാൻ നോക്കുന്നത്.
Comments