കോഴിക്കോട്: കെ റെയിലിനെതിരായ ജനകീയ പ്രതിഷേധങ്ങളെ വകവെയ്‌ക്കാതെ കല്ലിടീലുമായി മുൻപോട്ടു പോകുന്ന മുഖ്യമന്ത്രിക്ക് താക്കീത് നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. ഓഖി കഴിഞ്ഞ് വിഴിഞ്ഞത്ത് ഇറങ്ങിയ ഓർമ്മകൾ ഉണ്ടായിരിക്കണമെന്ന് വി. മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
2017 ഡിസംബറിൽ ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ വിഴിഞ്ഞം അടക്കമുളള തീരപ്രദേശത്ത് വ്യാപക നാശം വിതച്ചപ്പോൾ സംസ്ഥാന സർക്കാർ നിഷ്‌ക്രിയരായി നിൽക്കുകയായിരുന്നു. വ്യോമസേനയും കേന്ദ്രസർക്കാരും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചപ്പോൾ രക്ഷപെടുത്തിയവർക്കും ദുരിതമനുഭവിക്കുന്നവർക്കും അടിയന്തര സഹായമെത്തിക്കാൻ പോലും സംസ്ഥാന സർക്കാരിനായില്ല.
ഇതിനൊടുവിൽ സംഭവത്തെ രാഷ്‌ട്രീയമായി മുതലെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ തടയുകയായിരുന്നു. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത മത്സ്യത്തൊഴിലാളികളുടെ രോഷം അണപൊട്ടിയതോടെ പോലീസ് ഏറെ പണിപ്പെട്ട് ബലം പ്രയോഗിച്ച് ഇവരെ നീക്കിയാണ് മുഖ്യമന്ത്രിയെ രക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ അടിച്ചും ഇടിച്ചും വരെ നാട്ടുകാർ രോഷം പ്രകടിപ്പിച്ചിരുന്നു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് ജനക്കൂട്ടത്തിന്റെ രോഷപ്രകടനത്തിൽ നിന്നും മുഖ്യമന്ത്രിയെ പോലീസ് രക്ഷിച്ചുകൊണ്ടുപോയത്. പ്രകൃതി ദുരന്തങ്ങളിൽ സ്വന്തം ജനങ്ങൾക്ക് സഹായമെത്തിക്കാൻ പോലും കഴിയാത്ത സർക്കാരിന്റെ നിസ്സഹായാവസ്ഥയും ഇവിടെ തുറന്നുകാണിക്കപ്പെട്ടിരുന്നു.
സംഭവത്തിന് പിന്നാലെ ജനരോഷം ഭയന്ന് പൂന്തുറയിലെ വീടുകൾ സന്ദർശിക്കാനുളള പരിപാടിയിൽ നിന്ന് മുഖ്യമന്ത്രിക്ക് പിൻമാറേണ്ടിയും വന്നിരുന്നു. കെ റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധം നാടെങ്ങും തുടരുമ്പോഴും ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതിയുമായി മുൻപോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി ഇന്നലെയും ആവർത്തിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പഴയ സംഭവം വി. മുരളീധരൻ ഓർമ്മപ്പെടുത്തിയത്.
കെ റെയിലിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ബിജെപിയും കോൺഗ്രസും ആണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. കഴിഞ്ഞ ദിവസം കെ റെയിൽ സർവ്വെകൾക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.
















Comments