ധനുഷ്കോടി: ശ്രീലങ്ക വൻ സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യയിലേക്ക് അനധികൃതമായി രക്ഷപെടാൻ നീക്കം നടത്തിയ പതിനാറ് പേർ പിടിയിൽ. സാമ്പത്തിക പ്രതിസന്ധി മൂലം നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ തീപിടിച്ച വിലയാണ്. ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതുകൊണ്ടാണ് ഇന്ത്യയിലേക്ക് രക്ഷപെടാൻ ശ്രമിച്ചതെന്ന് പിടിയിലായവർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഇത്തരത്തിൽ അഭയാർത്ഥികളായി എത്തിയേക്കുമെന്ന വിലയിരുത്തലിലാണ് തീരസംരക്ഷണ സേന.
കടൽമാർഗം തമിഴ്നാട്ടിലെ ധനുഷ്കോടി വഴി ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. എന്നാൽ ഇവരെ കൊണ്ടുവന്ന ഇടനിലക്കാരൻ രാമേശ്വരത്തിന് സമീപം ഒരു ചെറുദ്വീപ് പോലെയുളളിടത്ത് ബോട്ടിൽ നിന്നും ഇറങ്ങാൻ നിർബന്ധിക്കുകയായിരുന്നു. അർദ്ധരാത്രിയാണ് ഇവരെ ഇവിടെ ഇറക്കിവിട്ടത്. ഇവിടെ കുടുങ്ങിയ നിലയിലാണ് ഇവരെ തീരസംരക്ഷണ സേന കണ്ടെത്തുന്നത്. ചോദ്യം ചെയ്തപ്പോഴാണ് ഇന്ത്യയിലേക്ക് കടക്കാൻ വന്നവരാണെന്ന് പറയുന്നത്. മറ്റൊരു സംഘത്തെ ധനുഷ്കോടി ജെട്ടിയിൽ നിന്നുമാണ് കണ്ടെത്തിയത്. ആളൊന്നിന് അൻപതിനായിരം രൂപ വീതം ബോട്ടുകാർക്ക് നൽകിയതായി ഇവർ പറഞ്ഞു.
എട്ടു പേർ പേർ കുട്ടികളാണ്. രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണിവർ. നേരത്തെ ഇവർ അഭയാർത്ഥികളായി തമിഴ്നാട്ടിൽ കഴിഞ്ഞിട്ടുളളവരാണന്നും തീരസംരക്ഷണ സേന പറഞ്ഞു. 80 കളുടെ തുടക്കത്തിൽ ആഭ്യന്തര യുദ്ധത്തെ തുടർന്നായിരുന്നു ഇതിന് മുൻപ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൂട്ടപ്പലായനം ഉണ്ടായത്. കണക്ക് പ്രകാരം തമിഴ്നാട്ടിലെ 107 ക്യാമ്പുകളിലായി 60,000 അഭയാർത്ഥികൾ ഇപ്പോഴും ഉണ്ട്. എന്നാൽ ക്യാമ്പുകൾക്ക് പുറത്ത് പലയിടങ്ങളിലായി മൂന്ന് ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിദേശനാണ്യ വിനിമയത്തിൽ ശ്രീലങ്കൻ രൂപയുടെ മൂല്യം അപകടകരമായ രീതിയിൽ ഇടിഞ്ഞതിനെ തുടർന്ന് സാധനങ്ങൾക്ക് തീപിടിച്ച വിലയാണ്. ഭക്ഷണവും മരുന്നും ഇന്ധനവും ഉൾപ്പെടെ പത്തിരട്ടിയോളം അധിക വിലയ്ക്കാണ് വാങ്ങേണ്ടി വരുന്നത്. ഇന്ധനം വാങ്ങാനായി രണ്ട് കിലോമീറ്ററോളം ക്യൂ നിൽക്കേണ്ട സ്ഥിതിയാണ്. അവശ്യ സാധനങ്ങൾ വാങ്ങാനും ഇതേ അവസ്ഥയാണ്. ജനങ്ങൾ പ്രതിഷേധവുമായി ദിവസങ്ങൾക്ക് മുൻപേ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ മാസമാണ് പ്രതിസന്ധി ജനങ്ങളെ ബാധിച്ചു തുടങ്ങിയത്. പിന്നീട് ക്രമേണ
ഇതിന്റെ വ്യാപ്തി വർദ്ധിക്കുകയായിരുന്നു. സഹായത്തിനായി അന്താരാഷ്ട്ര നാണയനിധിയെ സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീലങ്കൻ സർക്കാരിന്റെ വിശദീകരണം. രാജ്യത്തിന്റെ കടം പുനക്രമീകരിക്കാൻ ആഗോള സ്ഥാപനത്തിന്റെ സഹായം തേടുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഓരോ ദിവസവും കഴിയുന്തോറും പ്രതിസന്ധി കൂടുതൽ വഷളാകുകയാണെന്നാണ് റിപ്പോർട്ട്.
Comments