ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം. ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പാക് ദേശീയ അസംബ്ലി പിരിഞ്ഞു. അസംബ്ലി അംഗത്തിന്റെ മരണത്തെ തുടർന്നാണ് സഭ നിർത്തിവെച്ചത്. മാർച്ച് 28 വരെ അസംബ്ലി നിർത്തിവെച്ചതായി സ്പീക്കർ അസദ് ഖൈസർ അറിയിച്ചു. അതേസമയം സ്പീക്കറെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു. ഇമ്രാൻ ഖാനെ രക്ഷപെടുത്താനാണ് സ്പീക്കർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാൻ ഖാന്റെ പാർട്ടിയിലെ ചില അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും ഇമ്രാൻ ഖാന് തിരിച്ചടിയായിരുന്നു. എന്നാൽ ഇന്ന് സഭ പിരിഞ്ഞതോടെ വോട്ടെടുപ്പിന് ഇനി ഒരാഴ്ച കൂടി കാത്തിരിക്കണം.
അതേസമയം കൂറുമാറിയ പാർട്ടി അംഗങ്ങളെ അയോഗ്യരാക്കണമെന്ന ഇമ്രാൻ ഖാന്റെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. കൂറുമാറിയ അംഗങ്ങൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നാണ് ഇമ്രാന്റെ ആവശ്യം. അനുനയനീക്കം പാളിയതോടെയാണ് ഇമ്രാൻ ഖാൻ സുപ്രീം കോടതിയെ സമീപിച്ചത്. 342 അംഗ ദേശീയ അസംബ്ലിയിൽ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ 2018ൽ അധികാരത്തിലേറുന്നത്.
അവിശ്വാസ പ്രമേയത്തിന് മുൻപ് രാജിവെയ്‌ക്കില്ലെന്ന് ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. ‘ഒരു സാഹചര്യത്തിലും രാജിവെയ്‌ക്കില്ല, അവസാന പന്ത് വരെ കളിക്കും. അവർ ഇപ്പോഴും സമ്മർദ്ദത്തിലാണ്. ഞാൻ ഇതുവരെയും കാർഡുകളൊന്നും ഉപയോഗിച്ചില്ലെന്നതാണ് എന്റെ തുറുപ്പുചീട്ട്. അവിശ്വാസ പ്രമേയത്തിൽ ഞാൻ എല്ലാവരേയും അത്ഭുതപ്പെടുത്തും’ എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്.















