കീവ്/കാസര്‍കോട്: യുക്രൈനിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ മിസൈലാക്രമണത്തില്‍ മലയാളി നാവികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗര്‍ സ്വദേശിയായ അഖില്‍ ജോയന്‍ (26) ആണ് മരിച്ചത്. അഖിലിന് പുറമെ കപ്പലിലുണ്ടായിരുന്ന മറ്റ് പത്ത് നാവികരും കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ഭക്ഷ്യധാന്യങ്ങളുമായി വിദേശരാജ്യങ്ങളിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന ‘ഗോള്‍ഡന്‍ ലിയോ’ എന്ന ചരക്ക് കപ്പലിന് നേരെയാണ് റഷ്യന്‍ യുദ്ധക്കപ്പലുകളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും മിസൈലാക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ കപ്പലില്‍ വന്‍ സ്‌ഫോടനം ഉണ്ടായതായും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍, സിറിയന്‍ വംശജരായ നാവികരാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച പ്രാഥമിക വിവരം. സുരക്ഷിത ചരക്കുനീക്ക പാതയിലൂടെ സഞ്ചരിക്കാനിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്‌ട്ര തലത്തില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. അഖില്‍ ജോയന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ കാസര്‍കോട് വെള്ളരിക്കുണ്ടിലെ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും എത്തിത്തുടങ്ങി.
കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം ഈ കപ്പലില്‍ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഡല്‍ഹിയിലെ യുക്രൈന്‍ നയതന്ത്ര പ്രതിനിധികളും അടിയന്തര ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കൊല്ലപ്പെട്ട അഖില്‍ ജോയന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി നോര്‍ക്ക അധികൃതരും വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.















