ലക്നൗ: തന്റെ മന്ത്രിസ്ഥാനം സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും മുഖത്തേറ്റ അടിയാണെന്ന് യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ പുതിയ മന്ത്രിസഭയിലെ അംഗമായ ഡാനിഷ് ആസാദ് അൻസാരി. യുപി നിയമസഭയിലെ ഇരുസഭകളിലും അംഗമല്ലാത്ത വ്യക്തിയാണ് ബല്ലിയ സ്വദേശിയായ ആസാദ് അൻസാരി. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 52 മന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം. യുപിയിലെ പുതിയ മന്ത്രിസഭയിൽ തനിക്ക് അംഗത്വം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ആസാദ് അൻസാരി പറഞ്ഞു.
‘ ഈ മന്ത്രിസഭയിൽ അംഗത്വം ലഭിച്ചതിൽ സന്തോഷമുണ്ട്. എന്നെപോലെ ഒരു സാധാരണ പാർട്ടി പ്രവർത്തകന് ഇത്ര വലിയ അവസരം നൽകിയതിന് ബിജെപിയോട് നന്ദി പറയുന്നു. എന്റെ ഈ മന്ത്രിസ്ഥാനം എസ്പിക്കും കോൺഗ്രസിനും ബിജെപി നൽകിയ അടിയാണ്. യോഗി സർക്കാരിന്റെ എല്ലാ പദ്ധതികളുടേയും പ്രയോജനം മുസ്ലീങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ പദ്ധതികളിലും അവരുടെ കൂടെ പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്. മുസ്ലീം വിഭാഗത്തിനായി മികച്ച പ്രവർത്തനം നടത്തുമെന്നും’ അദ്ദേഹം വ്യക്തമാക്കി.
‘ പാർട്ടി എനിക്ക് നൽകിയ ചുമതലകളെല്ലാം ഭംഗിയായി സത്യസന്ധതയോടെ പൂർത്തിയാക്കും. ബിജെപിയിൽ ഇപ്പോൾ ധാരാളം മുസ്ലീങ്ങൾ വിശ്വാസം അർപ്പിക്കുന്നുണ്ട്. ആരോടും ജാതിയും മതവും ചോദിക്കാതെയാണ് ഈ സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യം അനുവദിക്കുന്നത്. മുസ്ലീം വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള ധാരാളം പ്രവർത്തനങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്നുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.
Comments