ഭോപ്പാൽ : സംസ്ഥാനത്തെ സ്‌കൂളുകൾക്ക് മഹത് വ്യക്തിത്വങ്ങളുടെ പേര് നൽകാൻ തീരുമാനിച്ച് മദ്ധ്യപ്രദേശ് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂളുകളിൽ എത്തുന്നതിനും, പഠിക്കുന്നതിനും കുട്ടികളിൽ ഉത്സാഹം ഉണ്ടാക്കുക ലക്ഷ്യമിട്ടാണ് സർക്കാരിന്റെ തീരുമാനം.
മദ്ധ്യപ്രദേശിനെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള നിർണായക തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടതായി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. സിഎം റെയ്‌സ് സ്‌കൂൾ എന്നത് വിദ്യാഭ്യാസ മേഖലയിലെ വിപ്ലവമാണ്. പൊതുജനങ്ങൾക്കിടയിൽ സർക്കാർ സ്‌കൂളിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, സിഎം റെയ്‌സ് സ്‌കൂളിന്റെ ലക്ഷ്യങ്ങൾ മനസ്സിലാക്കി നൽകുന്നതിനും മന്ത്രിമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരിശീലനം നേടിയ അദ്ധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തിയ ശേഷമേ സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
റെയ്‌സ് സ്‌കൂളിൽ അദ്ധ്യാപകരെ അവരുടെ യോഗ്യത അനുസരിച്ച് ആകും നിയമിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ പറഞ്ഞു. സ്‌കൂളിന്റെ നിലവാരമാണ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ നിർണയിക്കുക. ഉന്നത വിദ്യാഭ്യാസ നിലവാരമാണ് പ്രധാനമെന്നും സിംഗ് പർമർ കൂട്ടിച്ചേർത്തു.
വിവിധ വിഷയങ്ങളിൽ ചർച്ച നടത്താനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രിസഭാ യോഗം ചേർന്നുവരികയാണ് . യോഗത്തിൽ വിദ്യാഭ്യാസത്തിന് പുറമേ , ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിലും സർക്കാർ നിർണായക തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
Comments