ബാഹുബലിയ്‌ക്ക് ശേഷം തീയേറ്ററുകൾ കീഴടക്കാനെത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചലചിത്രമാണ് ആർആർആർ. ജൂനിയർ എൻടിയാറും രാം ചരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനീതിക്കെതിരെ പോരാടിയ ധീരയോദ്ധാക്കളായ അല്ലൂരി സീതാരാമരാജുവിന്റേയും കൊമരം ഭീമിന്റേയും കഥയാണ് ചിത്രം പറയുന്നത്.യഥാർത്ഥ ജീവിതത്തിൽ ഇരുവരും ഒരിക്കൽ പോലും കണ്ടിരുന്നില്ലെങ്കിലും എന്നെങ്കിലും ഇരു പോരാളികളും കണ്ടുമുട്ടിയിരുന്നുവെങ്കിലോ എന്ന ചോദ്യത്തിന് ഉത്തരമാണ് എസ്എസ് രാജമൗലി തന്റെ ചിത്രത്തിലൂടെ നൽകുന്നത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷന്റെ ഉള്ളിൽ നിറയുന്ന ചോദ്യമാണ് ആരാണ് അല്ലൂരി സീതാരാമരാജുവും കൊമരം ഭീമും എന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏടുകളിൽ രേഖപ്പെടുത്താതെ പോയ നിരവധി സമരങ്ങളെ മുന്നിൽ നിന്ന് നയിച്ച , ജൽ,ജംഗൽ,ജമീൻ ഒരൊറ്റ മുദ്രാവാക്യം കൊണ്ട് ആസിഫ് ജാഹി രാജവംശത്തെ വിറപ്പിച്ച വനവാസിയായ ധീരരക്തസാക്ഷിയാണ് കൊമരം ഭീം. ഇന്നും തെലുങ്കാനയിലെ വനവാസി വിഭാഗക്കാർ തങ്ങളുടെ ദൈവമായി കണ്ട് ആരാധിച്ച് പോരുന്ന ധീരപുരുഷൻ.
വളർന്ന് വരുമ്പോൾ തങ്ങൾക്ക് നേരെ വിരൽ ചൂണ്ടും എന്ന ഭയത്താൽ ഒരു ഗോത്രവർഗത്തിലെ കുട്ടികളുടെ ഉൾപ്പടെ കൈവിരലുകൾ മുറിച്ചുമാറ്റിയിരുന്ന പോലീസ് സേന സ്വന്തമായി ഉണ്ടായിരുന്ന ആസിഫ് ജാഹി രാജവംശത്തിനെതിരെ വാളേന്തിയാണ് കൊമരം ഭീം ചരിത്രപരുഷനായി ജനമനസുകളിൽ ഇടം പിടിക്കുന്നത്. ഹൈദരാബാദ് നിസാമേറ്റ് അഥവാ നിസാം ഉൾമുൾക്ക് എന്ന പേരിൽ ഹൈദരാബാദ് ഡെക്കാൻ ഭരിച്ചിരുന്ന ആസിഫ് ജാഹി രാജവംശത്തിനെതിരെ ഗോണ്ട് ആദിവാസി സമരത്തിന് കൊമരം ഭീം എന്ന പോരാളിയാണ് നേതൃത്വം നൽകിയിരുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം നിലനിൽക്കുന്ന കാലത്ത് നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിലെ ആദിലാബാദിന് സമീപം സംഗ്യപള്ളി എന്ന സ്ഥലത്താണ് കൊമരം ഭീമിന്റെ ജനനം. അവിടുത്തെ പ്രധാന ഗോത്രവിഭാഗായിരുന്ന ഗോണ്ട് സമുദായത്തിലാണ് പിന്നീട് തെലുങ്കാന കണ്ട ധീര രക്തസാക്ഷികളിലൊരാളായ കൊമരം ഭീം പിറവി കൊണ്ടത്. മദ്ധ്യേന്ത്യ മുതൽ അന്ധ്രയുടേയും കർണാടകയുടേയും ഭാഗങ്ങളിൽ വരെ വ്യാപിച്ചു കിടക്കുന്ന വനവാസി സമുദായമാണ് ഗോണ്ട്. ഇന്ന് പട്ടിക വർഗ വിഭാഗത്തിൽ പെട്ടിരുന്ന ഗോണ്ട് വിഭാഗക്കാരായിരുന്നു ഒരു കാലത്ത് ആന്ധ്രയെ ഊട്ടിയിരുന്നത്. ദിവസം മുഴുവൻ പണിയെടുത്ത് അവർ വിളയിക്കുന്ന ധാന്യങ്ങളും മറ്റുമായിരുന്നു മറ്റ് ജനവിഭാഗങ്ങളുടെ പ്രധാന ആഹാരം. പണ്ടേ സ്വയം പര്യാ പ്തത കൈവരിച്ചിരുന്ന ഗോണ്ട് വിഭാഗക്കാർക്ക് രാജ്യങ്ങളും സാമ്രാജ്യങ്ങളും ഉണ്ടായിരുന്നുവെന്നത് ചരിത്രം.
മുഗൾ രാജവംശക്കാരോട് വരെ പോരാടിയ, കീഴടങ്ങി ജീവിക്കുക എന്നത് നിഘണ്ടുവിലില്ലാത്ത മണ്ണിൽ പണിയെടുക്കുന്ന ഗോണ്ട് വിഭാഗത്തിൽ നിന്ന് വന്ന കൊമരം ഭീം പിന്നീട് പാവപ്പെട്ട ജനങ്ങളെ കാൽക്കീഴിലമർത്തിയിരുന്ന ആസിഫ് ജാഹി രാജവംശത്തിനെതിരെ പേരാടിയതിൽ അതിശയപ്പെടാനില്ല.ബ്രിട്ടീഷ് രേഖകളിൽ കൊള്ളക്കാർ,മോഷ്ടാക്കൾ എന്നെല്ലാം രേഖപ്പെടുത്തിയിരുന്ന ഗോണ്ടുകൾ കൊമരം ഭീമിന്റെ ജനനസമയത്ത് ആസിഫ് ജാഹി രാജവംശത്തിന്റെ കിരാതഭരണത്തിലായിരുന്നു. നഗരത്തിലുളളവരുടെ ജീവിത നിലവാരം ഉയർത്താൻ വനത്തിലുള്ളവരെ ചൂഷണം ചെയ്യുക എന്ന ബ്രിട്ടീഷ് നയം തന്നെയായിരുന്നു ഹൈദരാബാദിലെ അവസാനത്തെ നിസാമായിരുന്ന ആസിഫ് മിർ ഉസ്മാം അലിഖാന്റെ രീതിയും. അതിന് വേണ്ടി ഭാരതം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരമായ സൈന്യത്തിലൊന്നായ റസാക്കർമാരെ അയാൾ സൃഷ്ടിച്ചെടുത്തു. തന്റെ ഭരണത്തിന് കീഴിലുള്ള വനവാസികളോട് നിഷ്‌കരുണം അയാളും സൈന്യവും പെരുമാറി.1882 ലെ മദ്രാസ് ഫോറസ്റ്റ് ആക്ടിന് സമാനമായ ചില നിയമങ്ങൾ അദ്ദേഹം വനവാസികൾക്കെതിരായി നടപ്പിലാക്കി.
ഗോണ്ടുകളുടെ പ്രത്യേക കൃഷി രീതിയായ പൊടു സമ്പ്രദായം ക്രമേണ നിർത്തലാക്കി. ഇതിനെതിരെ പ്രതികരിച്ച വനവാസികളെ അടിച്ചമർത്താനായി പുതിയൊരു പോലീസ് സേന തന്നെ ഉണ്ടാക്കിയെടുത്തു. ജംങ്കലാത്ത് പോലീസ് സേന എന്നറിയപ്പെടുന്ന ഈ സേന, ഗോണ്ടു സമുദായക്കാർ പൊടു രീതിയിൽ കൃഷി ചെയ്ത് വിളവെടുക്കാനാകുമ്പോൾ കൃഷി ഭൂമിയിൽ അതിക്രമിച്ച് കയറി വിളവ് കൊള്ളയടിച്ച് കൊണ്ടുപോയി. എതിർക്കുന്നവരെ കാലപുരിയിലേക്കയച്ചു.ജംങ്കലാത്ത് സേനയുടേയും നിസാമിന്റേയും അതിക്രമം ക്രമേണ കുട്ടികൾക്കു മേലേയുമായി. കുട്ടികളുടെ വിരലുകൾ മുറിച്ചായിരുന്നു ജംങ്കലാത്ത് സേന ആത്മനിർവൃതിയിലാണ്ടിരുന്നത്.കുട്ടികൾ വളരുമ്പോൾ പൊടു കൃഷി രീതിക്കായി കാടുകൾ തീയിട്ട് നശിപ്പിക്കും എന്നായിരുന്നു ഇതിന് കാരണമായി നിസാം പറഞ്ഞിരുന്നത്.നിർബന്ധിത നികുതി പിരിവ് കൂടിയായപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. നിരന്തരം ഗോണ്ടുക്കളും ജംങ്കാലത്ത് സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു.
അത്തരമൊരു ഏറ്റുമുട്ടലിൽ കൊമരത്തിന് തന്റെ പിതാവിനെ നഷ്ടപ്പെട്ടു. വനവാസികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിനായിരുന്നു ജംങ്കലത്തു സേന കൊമരം ഭീമിന്റെ പിതാവിനെ കൊലപ്പെടുത്തിയത്. തന്റെ പിതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുവെങ്കിലും കൊമരം ഭീമിനും കുടുംബത്തിനും സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ആ പ്രദേശം വിട്ട് പോവേണ്ടി വന്നു. അവർ കരീം നഗറിന് സമീപമുള്ള സർദ്ദാർപൂർ എന്ന സ്ഥലത്തേക്ക് പലായനം ചെയ്തു. അവിയെ ജമീന്ദാറായിരുന്ന ലക്ഷമണൻ റാവുവിന്റെ നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഏക്കറുകണക്കിന് ഭൂമിയിൽ കൊമരം ഭീമും കൂട്ടാളികളും കൃഷിയാരംഭിച്ചു. കൃഷി വിളവെടുക്കാൻ തയ്യാറായപ്പോൾ സിദ്ദിഖ് സാബ് എന്ന് പേരുള്ള നിസാമിന്റെ ഒരു ഉദ്യോഗസ്ഥന് ജമീന്ദാർ ഭൂമിയിൽ പണിയെടുക്കുന്നവരിൽ നിന്ന് നികുതി പിരിക്കാൻ ചുമതലപ്പെടുത്തി.നികുതി പിരിക്കാനെത്തിയ ഉദ്യോഗസ്ഥനെ കൊമരമും കൂട്ടരും എതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ സിദ്ദിഖ് സാബ് കൊല്ലപ്പെട്ടു. വിവരമറിഞ്ഞ നിസാം, കൊമരം ഭീമിനെ പിടികൂടാൻ സർവ്വസന്നാഹങ്ങളേയും അയച്ചു.
വിവരം അറിഞ്ഞ ഭീം കാൽനടയായി മഹാരാഷ്‌ട്രയിലെ വിദർഭയിലേക്ക് ചന്തയെന്ന പട്ടണത്തിലേക്ക് മാറി.വിറ്റോബാ എന്ന പത്രപ്രവർത്തകനൊപ്പം കൂടി. വിറ്റോബയിൽ നിന്ന് ഭീം അക്ഷരാഭ്യാസം നേടി.ആംഗലേയവും ഹിന്ദിയും ഉറുദുവും തെലുങ്കുവും എല്ലാം വായിക്കാനും പറയാനും പഠിച്ച അദ്ദേഹം അധികനാൾ ചന്തയിൽ താമസിച്ചില്ല. അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ ആസാമിലേക്ക് മാറ്റി. തേയില ഫാക്ടറികളിൽ ജോലി ചെയ്യുന്നത് ആരംഭിച്ചു. തൊഴിലാളി യൂണിയനിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. സമരത്തെ തുടർന്ന് അദ്ദേഹം ജയിലിലാക്കപ്പെട്ടു. നാലാം നാൾ അദ്ദേഹം ജയിലു ചാടി തിരികെ ജന്മസ്ഥലത്തേയ്‌ക്ക് എത്തി. 1942 കാലഘട്ടമായിരുന്നു അത് അല്ലൂരി സീതാരാമരാജുവിന്റെ നേതൃത്വത്തിൽ കോയാറാമോഷി ഗോത്രവർഗക്കാർ റാംബാറബലിയൻ നടത്തുന്ന കാലമായിരുന്നു അത്. സീതാരാമരാജുവിന്റെ ധീരോജ്വലമായ പോരാട്ടങ്ങൾ പലരിൽ നിന്നും കൊമരം ഭീമും കേൾക്കാനിടയായി. ആദിലാബാദിലെ ഗോണ്ടു രാജ്യത്തെ രാജാവായ റാംജി ഗോണ്ടിനെ കുറിച്ചും കൊമരം പലരിൽ നിന്നായി അറിയാനിടയായി.ഇതെല്ലാം കേൾക്കാനിടയായ കൊമരത്തിന് ഒരു ഗോണ്ടു രാജ്യം സ്ഥാപിച്ചാൽ കൊള്ളാമെന്നായി.
തന്റെ ജനതയെ ചൂഷണം ചെയ്യുന്ന ഹൈദരാബാദ് നിസാമേറ്റിനോട് പോരാടാൻ കൊമരം ഭീം മനസിലുറപ്പിച്ചു. ലിച്ചു പട്ടേൽ എന്ന ഒരാൾക്കു വേണ്ടി ഭീമും കൂട്ടരും ജോലി ചെയ്യാൻ തുടങ്ങി. ഇതിനിടെ സോം ബായി എന്ന യുവതിയേയും കൊമരം ഭീം ജീവിത സഖിയാക്കി. കാലം പിന്നിടുന്നതിനനുസരിച്ച് ഭീമും നൈസാമിന്റെ പാേലീസും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു. ഗറില്ല സംഘം രൂപീകരിച്ച് ഭീം ഒരു ഗോണ്ട് രാജ്യം രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അനീതി കൈമുതലാക്കിയ നിരവധി ജമീന്ദാർമാരെ ഭീം കൊലപ്പെടുത്തി. ഭീം എന്ന പോരാളിയുടെ വളർച്ച കണ്ട നൈസാമിന് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് മനസിലായി.ഭീമിനെ വനവാസികളുടെ നേതാവാക്കി പ്രഖ്യാപിച്ചു. ആസിബാബാദ് എന്ന ജില്ലയിലെ കളക്ടറോട് ഭീമിനോട് സന്ധിചെയ്യാൻ ചർച്ചകൾക്കായി അയച്ചു. ചർച്ച പരാജയപ്പെട്ടു.എല്ലാ ഗോണ്ട് ജയിൽപുള്ളികളേയും വിട്ടയക്കണം എന്ന കൊമരം ഭീമിന്റെ ആവശ്യം നിരസിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമായി പറയപ്പെടുന്നത്.
ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഗറില്ലാ യുദ്ധത്തിന്റെ ആരംഭവുമായി, ജൽ,ജംഗൽ,ജമീൻ (ജലം,കാട്, ഭൂമി ) എന്ന മുദ്രാവാക്യം ഉയർത്തി ഭീമും കൂട്ടരും ഹൈദരാബാദ് നിസാമേറ്റിനോട് യുദ്ധം ചെയ്തു. 1940 സെപ്റ്റംബർ ഒന്നാം തീയതി ആസിഹാബാദ് തഹസീൽദാറായിരുന്ന അബ്ദുൾ സത്താറിന്റെ നേതൃത്വത്തിൽ ഒരു സംഘം പോലീസ് ഭീം ഉള്ള പ്രദേശം വളഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങിയ ഗ്രാമത്തിലേക്ക് വെടിവെപ്പു നടത്തി. ധീരമായി പോരാടിയെങ്കിലുംനൈസാമിന്റെ സൈന്യത്തിന്റെ തോക്കിൻ മുനയ്‌ക്ക് മുന്നിൽ ഭീമും കൂട്ടാളികളും ബലിദാനികളായി. ഇതുകൊണ്ടൊന്നും നൈസാമിന്റെ കലി അടങ്ങിയില്ല. അവരുടെ മൃതദേങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തി. അശ്വിന മാസത്തിലെ പൗർണമി രാത്രിയാണ് ഒരു ഗ്രാമത്തെയാകെ നൈസാമിന്റെ സേന അഗ്നിക്കിരയാക്കിയത്. ഇന്നും ഗോണ്ടു വർഗക്കാർ അശ്വിനി പൗർണമി ഭീമിന്റെ ബലിദാന ദിനമായി ആദരിച്ച് ആചരിച്ചു വരുന്നു. തെലുങ്കാന സംസ്ഥാനത്തിന്റെ ആദ്യ രൂപം ആവശ്യപ്പെട്ട ഭീമിന്റെ സ്മരണാർത്ഥം തെലുങ്കാന രൂപീകൃതമായപ്പോൾ ആസിഫാബാദ് ജില്ലയുടെ പേര് മാറ്റി കൊമരം ഭീം ജില്ല എന്നാക്കി മാറ്റി.
രാജമൗലിയുടെ സിനിമയിൽ കൊമരം ഭീമിന്റെ നൈസാമിനെതിരെയുള്ള പോരാട്ടങ്ങൾ കാണിച്ചിട്ടില്ല. അല്ലൂരി സീതാരാമ രാജുവിനൊപ്പം ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടുന്ന ആളായാണ് കൊമരം ഭീമിനെ ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും സായുധ പോരാട്ടം നടത്തിയ ആ ധീര പോരാളിയുടെ കഥ സിനിമയാക്കിയതിനെ അഭിനന്ദിക്കാതെ തരമില്ല. ആരാലും അറിയപ്പെടാതെ കിടന്ന ധീരദേശാഭിമാനികളുടെ കഥ ജനഹൃദയങ്ങളിൽ എത്തുന്നത് സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന ഈ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യമാണെന്നതിലും സംശയമില്ല.
Comments