മുംബൈ: മത്സരം കൈവിട്ടുവെന്ന ഘട്ടത്തിൽ രക്ഷകരായി അക്ഷർ പട്ടേലും ലളിത് യാദവും അവതരിച്ചപ്പോൾ ഐപിഎൽ 15ാം സീസണിൽ ഡൽഹി ക്യാപിറ്റൽസ് ആദ്യ വിജയം നേടി. മുംബൈ ഇന്ത്യൻസിനെ 10 പന്തുകൾ അവശേഷിക്കെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഡൽഹി ആദ്യ വിജയം സ്വന്തമാക്കിയത്.
ടോസ് കിട്ടിയ ഡൽഹി, മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 177 റൺസ് എടുത്തു. ഓപ്പണർ ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോർ നേടാൻ സഹായിച്ചത്. തുടക്കം മുതൽ ആഞ്ഞടിച്ച ഓപ്പണർമാരായ രോഹിത്ശർമ്മയും ഇഷാൻ കിഷനും ചേർന്ന് ആദ്യ വിക്കറ്റിൽ 67 റൺസിന്റെ സഖ്യമുണ്ടാക്കി.
രോഹിത് 32 പന്തിൽ നിന്ന് 41 റൺസ് എടുത്തു. രണ്ട് സിക്‌സറും 4 ബൗണ്ടറിയും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ക്രീസിൽ അപരാജിതനായി നിലകൊണ്ട ഇഷാൻ 81 റൺസ് നേടി. 48 പന്തുകളിൽ നിന്നായിരുന്നു ഈ പ്രകടനം. 11 ബൗണ്ടറിയും 2 സിക്‌സറും ഇഷാൻ അടിച്ചുകൂട്ടി. എന്നാൽ മധ്യനിരയിലുളളവർക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർക്ക് ഉയർന്ന സ്‌കോർ നേടാൻ കഴിഞ്ഞില്ല. ഡൽഹിയ്‌ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന്, ഖലീൽ അഹമദ് രണ്ട് വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയ്‌ക്ക് നല്ല തുടക്കമാണ് ഓപ്പണർമാർ നൽകിയത്. പ്രിഥ്വി ഷാ(38), ടിം സെൽഫെർട്ട്(21) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പിന്നീട് വന്നവർ വേഗം പവലിയനിലേക്ക് മടങ്ങി. 72 റൺസ് ആയപ്പോഴേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടമായി.
ലളിത് യാദവും ഷർദ്ദുൽ താക്കൂറും ചേർന്ന് 100 കടത്തി. എന്നാൽ താക്കൂർ വീണത്തോടെ ഡൽഹി പരാജയം മണത്തു. മത്സരം കൈവിട്ടുവെന്ന ഘട്ടത്തിൽ അക്ഷർ പട്ടേലും ലളിത് യാദവും രക്ഷകരായി മാറുകയായിരുന്നു. ഇരുവരും ചേർന്ന് പുറത്താവാതെ ടീമിനെ വിജയ തീരത്തേക്ക് അടുപ്പിച്ചു. ഏഴാം വിക്കറ്റിൽ ഇരുവരും 75 റൺസ് നേടി.
അക്ഷർ പട്ടേലിന്റ വെടിക്കെട്ട് പ്രകടനമാണ് ഡൽഹിയ്‌ക്ക് തുണയായത്. പട്ടേൽ 17 പന്തിൽ 38 റൺെടുത്തു. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ആയിരുന്നു പട്ടേലിന്റെ ബാറ്റിൽ നിന്ന് ഉതിർത്തത്. ഡൽഹിയുടെ കുൽദീപാണ് മാൻ ഓഫ് ദി മാച്ച്.
Comments