തിരുവനന്തപുരം : ദേശീയ പണിമുടക്കിനിടയിൽ സമരക്കാർ തമ്മിൽ സംഘർഷം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സിപിഎം-സിപിഐ പ്രവർവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. എൽഡിഎഫ് ഘടകക്ഷികളായ ഇരുപാർട്ടിയുടെയും തൊഴിലാളി സംഘടനകൾ പണിമുടക്കിന്റെ ഭാഗമായി വെവ്വേറെ പന്തൽ കെട്ടിയാണ് സമരം നടത്തിയത്. എന്നാൽ ഇതിനിടയിലും സംഘർഷം ഉണ്ടാവുകയായിരുന്നു.
സമരത്തിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം സിഐടിയു തൊഴിലാളികളുടെ സമരപന്തലിന് മുന്നിൽ എത്തിയപ്പോഴാണ് കയ്യാങ്കളി ആരംഭിച്ചത്. എഐടിയുസി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതോടെ തർക്കം തുടങ്ങി. തുടർന്ന് ഇരു സംഘങ്ങളും തമ്മിൽ ഉന്തും തള്ളുമായി.
ഇതിന് പിന്നാലെ സിഐടിയു പ്രവർത്തകർ തിരികെ എഐടിയുസിയുടെ സമര പന്തലലിലേക്ക് പ്രകടനം നടത്തി. പോലീസ് എത്തി ഇത് തടഞ്ഞു. ഇതിന് പിന്നാലെയാണ് ഇരു കൂട്ടരും തമ്മിൽ കല്ലേറുണ്ടായത്. പോലീസ് ഇടപെട്ട് ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
Comments