തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിച്ച സമരാനുകൂലികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ്. പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്ന കേരള ഹൈക്കോടതി വിധിയെയാണ് കാറ്റിൽപറത്തിയത്. പോലീസിന്റെ കൺമുന്നിൽ ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് കേരള ഹൈക്കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ജനറൽസെക്രട്ടറി കെ.എൽ രാജേഷ് പറഞ്ഞു.
സിഐടിയു ഗുണ്ടകളുടെ നേതൃത്വത്തിലാണ് പാപ്പനംകോട് കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിനെതിരെ കെഎസ്ടി- എംപ്ലോയീസ് സംഘ്(ബിഎംഎസ്) വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ആർസിസിയിൽ നിന്നും മടങ്ങിവന്ന രോഗികളുമായി പോയ ബസ് ആണ് പാപ്പനംകോട് വെച്ച് സമരാനുകൂലികൾ തടഞ്ഞ് അകത്തുകയറി അക്രമം നടത്തിയത്. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും കളിയിക്കാവിളയിലേക്കുളള യാത്രയിലായിരുന്നു ബസ്. വാഹനം നടുറോഡിൽ തടഞ്ഞിട്ട് രോഗികളായ യാത്രക്കാരെയും കുട്ടികളെയുമുൾപ്പെടെ പൊരിവെയിലത്തു നിർത്തി. നിയമവാഴ്ച നടത്താൻ ബാദ്ധ്യസ്ഥരായ പോലീസ് കൈയ്യും കെട്ടി നോക്കിനിൽക്കുകയായിരുന്നു. ജീവനക്കാരേയും യാത്രക്കാരേയും മർദ്ദിക്കാൻ പോലീസ് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് നേതാക്കൾ കുറ്റപ്പെടുത്തി.
Comments