രാഷ്‌ട്രീയ ഭാവി തുലാസിൽ; രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കം അവസാനനിമിഷം ഉപേക്ഷിച്ച് ഇമ്രാൻ ഖാൻ

Published by
Janam Web Desk

ഇസ്ലാമാബാദ് : രാഷ്‌ട്രീയ ഭാവി തുലാസിലായിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള തീരുമാനം പിൻവലിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിയുടെ പാർട്ടിയായ തെഹ്‌രീക് ഇ ഇൻസാഫ് സെനറ്റർ ഫൈസൽ ജാവേദ് ഖാൻ ആണ് ഇക്കാര്യം അറിയിച്ചത്. രാഷ്‌ട്രീയ കോളിളക്കങ്ങൾക്കിടെ രാത്രി ഇമ്രാൻ ഖാൻ അഭിസംബോധന ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

രാജ്യത്തിന് പുറത്തു നിന്നുള്ള ശക്തികളാണ് നിലവിലെ പ്രതിസന്ധിയ്‌ക്ക് കാരണം എന്നാണ് ഇമ്രാൻ ഖാന്റെ വാദം. രാജ്യത്തെ ഭരണം തകർക്കാൻ വിദേശ ശക്തികൾ ഇടപെടൽ നടത്തിയതിന് തെളിവുകൾ ഉണ്ടെന്നും ഇമ്രാൻ പറയുന്നു. അഭിസംബോധനയ്‌ക്കിടെ ഈ തെളിവുകൾ പുറത്തുവിടുമെന്നും അറിയിച്ചിരുന്നു. എന്നാൽ അറിയിപ്പ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് പിൻവലിച്ചതിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.

ഇതിനിടെ തെഹ്‌രീക് ഇ ഇൻസാഫിന്റെ സഖ്യകക്ഷിയായ എംക്യൂഎം പാർട്ടി വിട്ട് പ്രതിപക്ഷത്തോടൊപ്പം ചേർന്നു. ഭരണപ്രതിസന്ധി നേരിടുന്ന ഇമ്രാൻ സർക്കാരിന് സഭയിൽ ഭൂരിപക്ഷം നൽകിയിരുന്നത് എംക്യൂഎം പോലുള്ള സഖ്യകക്ഷികൾ ആയിരുന്നു. എന്നാൽ എംക്യൂഎം പ്രതിപക്ഷത്തോടൊപ്പം ചേർന്നതോടെ ഇമ്രാൻ ഖാന്റെ ഭൂരിപക്ഷവും നഷ്ടമായി. രാജിവെക്കേണ്ടിവരുമെന്ന് ഉറപ്പായതോടെ നാണക്കേട് കൊണ്ടാണ് ഇമ്രാൻ അഭിസംബോധന ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ചയാണ് ഇമ്രാൻഖാനെതിരെ പ്രതിപക്ഷം സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.

Share
Leave a Comment