മലപ്പുറം: നഗരസഭ കൗൺസിലറെ വെട്ടിയ പ്രതി പിടിയിൽ. അബ്ദുൾ മജീദാണ് പോലീസിന്റെ കസ്റ്റഡിയിലായത്. കേസിൽ മറ്റൊരു പ്രതിയായ ഷുഹൈബിനായി പോലീസ് തിരച്ചിൽ തുടരുകയാണ്. രണ്ട് പ്രതികളും ബൈക്കിൽ പിന്തുടർന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.
മുസ്ലിം ലീഗ് നേതാവ് തലാപ്പിൽ അബ്ദുൾ ജലീലാണ് വെട്ടേറ്റ് ചികിത്സയിൽ കഴിയവേ മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ജലീലിന് വെട്ടെറ്റത്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പയ്യനാട് വച്ചായിരുന്നു ആക്രമണം.
ആക്രമണ സമയത്ത് ജലീൽ കാറിലായിരുന്നു ഉണ്ടായിരുന്നത്. ബൈക്കിലെത്തിയ അക്രമി സംഘം ഹെൽമെറ്റ് എറിഞ്ഞ് കാറിന്റെ ചില്ലുകൾ ആദ്യം തകർത്തു. ഇതോടെ കാറിൽ നിന്നും പുറത്തിറങ്ങിയ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലീലിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര ശസ്ത്രക്രിയ്ക്കും വിധേയമാക്കി. എന്നാൽ വൈകിട്ട് ഏഴരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments