തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ നിർമ്മാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പുതിയ മദ്യ നയം കേരളത്തെ ഭ്രാന്താലയം ആക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ക്യൂ കുറയ്‌ക്കാൻ ആണ് സർക്കാർ ആദ്യം നോക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മദ്യ നയം വലിയ പ്രത്യഘാതം ഉണ്ടാക്കും, മദ്യ നയം സർക്കാർ പിൻ വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ റെയിൽ സമരത്തെ പോലീസിനെ കൊണ്ട് അമർച്ച ചെയ്യാൻ കഴിയില്ല എന്ന് മനസ്സിൽ ആയി. അത് കൊണ്ട് മാർക്‌സിസ്‌റ് പാർട്ടി നേരിട്ട് ജനങ്ങളുമായി ഏറ്റുമുട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ജന വിരുദ്ധ നയമാണ് സർക്കാർ പിന്തുടരുന്നത്. കുടുംബ ദ്രോഹമാണ് ഈ മദ്യ നയം, അതിനാൽ കുടുംബദ്രോഹി പട്ടം മുഖ്യമന്ത്രിയ്ക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് സർക്കാർ പുതിയ മദ്യനയത്തിന് അംഗീകാരം നൽകിയത്. ഐടി മേഖലയിൽ ബാർ റെസ്റ്റേറന്റുകൾ ആരംഭിക്കാനും വിദേശമദ്യ ചില്ലറ വിൽപ്പനശാലകളുടെ എണ്ണം വർദ്ധിപ്പിക്കാനും മദ്യ നയത്തിൽ വ്യവസ്ഥ ചെയ്തിരുന്നു.നൂറിൽപ്പരം വിദേശമദ്യ ചില്ലറശാലകൾ പുതുതായി തുറക്കാനാണ് നിർദ്ദേശം.
Comments