ന്യൂഡൽഹി: അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. അസം, നാഗാലാൻഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ അഫ്‌സ്പ മേഖലകൾ കുറയ്‌ക്കാനാണ് സർക്കാർ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനങ്ങളിൽ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടുവെന്ന നിരീക്ഷണത്തെ തുടർന്നാണ് തീരുമാനമെന്ന് അമിത് ഷാ അറിയിച്ചു. സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന്റെ (അഫ്‌സ്പ) അധികാര പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് തീരുമാനത്തിന്റെ ഭാഗമായി വെട്ടിക്കുറച്ചത്.
വടക്കുകിഴക്കൻ മേഖലയിൽ കലാപം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി മെച്ചപ്പെട്ട സുരക്ഷാ സാഹചര്യവും അതിവേഗ വികസനവും അഫ്‌സ്പ ചുമത്തിയിരുന്ന മേഖലകളിൽ കൈവരിച്ചു. ഇതിന്റെ ഭാഗമായാണ് അസം, മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ പ്രദേശങ്ങളിൽ കുറവ് വരുത്തുന്നത്.
ദശാബ്ദങ്ങളായി അവഗണന നേരിട്ടിരുന്ന വടക്കുകിഴക്കൻ മേഖല ഇപ്പോൾ ശാന്തിയുടെയും പുരോഗതിയുടെയും വികസനത്തിന്റെയും പുതിയ യുഗത്തിന് സാക്ഷിയാവുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Reduction in areas under AFSPA is a result of the improved security situation and fast-tracked development due to the consistent efforts and several agreements to end insurgency and bring lasting peace in North East by PM @narendramodi government.
— Amit Shah (@AmitShah) March 31, 2022
കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു അഫ്‌സ്പ ആക്ട് 1958 അസമിൽ ആറ് മാസത്തേക്ക് കൂടി നീട്ടിയത്. 1990 മുതൽ എല്ലാ ആറ് മാസം കൂടുമ്പോഴും ഇവിടെ അഫ്‌സ്പ ആക്ട് നീട്ടിയിരുന്നു. വർഷങ്ങളായി വടക്കുകിഴക്കൻ മേഖലകൾ അഭിമുഖീകരിക്കുന്ന സംഘർഷാവസ്ഥയ്‌ക്ക് അയവ് വന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ പ്രഖ്യാപനം.
Comments