ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞയാളെ പിടികൂടി. പർദ്ദ ധരിച്ചെത്തി ബോംബെറിഞ്ഞ സ്ത്രീയെയാണ് കശ്മീർ പോലീസ് പിടികൂടിയത്. ഇവർക്ക് ലഷ്കർ-ഇ-ത്വായ്ബയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തതായി കശ്മീർ ഐജി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പർദ്ദ ധരിച്ചെത്തിയ വ്യക്തി ക്യാമ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബാരാമുള്ള ജില്ലയിലെ സോപോറിലുള്ള സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
റോഡിൽ ചില കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രികരും സഞ്ചരിക്കുന്നതിനിടയിൽ നിന്നാണ് പർദ്ദയണിഞ്ഞ് ഒരാൾ ക്യാമ്പിന് നേരെ വന്നത്. ഇവർ ബാഗിൽ നിന്നും ഒരു വസ്തു എടുക്കുകയും അത് ക്യാമ്പിന് നേരെ എറിയുകയുമായിരുന്നു. തൊട്ടുപിന്നാലെ ഓടിരക്ഷപ്പെടുന്നതും സിസിടിവിയിൽ വ്യക്തമായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് പ്രതി പിടിയിലായിരിക്കുന്നത്.
Comments