കൊല്ലം: കഴിഞ്ഞ പത്ത് വർഷമായി ദുരവസ്ഥയിൽ നിന്നും മോചനം കാത്തിരിക്കുകയാണ് വെട്ടിക്കവല പഞ്ചായത്തിലെ തലച്ചിറ-പച്ചൂർ റോഡ്. ആറ് കിലോമീറ്റർ ചുറ്റളവിലുള്ള ഈ റോഡിലൂടെയുള്ള യാത്രയിൽ ആളുകൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. പത്തനാപുരം നിയോജകമണ്ഡലത്തിൽ ഇത്രയധികം അവഗണിക്കപ്പെട്ട മറ്റൊരു സ്ഥലമില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
നിവേദനവുമായി പലകുറി ഉന്നത അധികാരികളെ സമീപിച്ചിരുന്നു. ഉടൻ ശരിയാക്കാം എന്ന പതിവ് വാഗ്ദാനം ഇപ്പോഴും നിറവേറ്റാതെ തുടരുകയാണെന്നും നാട്ടുകാർ പറയുന്നു. മുൻപ് ഇവിടെ കെഎസ്ആർടിസി അഞ്ച് ട്രിപ്പുകൾ ദിവസവും നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഓട്ടോറിക്ഷ പോലും ഓടുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുക പതിവാണ്. ആറ് കിലോമീറ്റർ ചുറ്റളവിലുള്ള ഭാഗത്ത്, അര കിലോമീറ്ററോളം സ്ഥലത്ത് റോഡില്ല. മൂന്നടിയോളം താഴ്ച്ചയിൽ വലിയ ഗർത്തങ്ങളാണുള്ളത്. മഴയായാൽ ആരും ഈ വഴി വാഹനത്തിൽ യാത്ര ചെയ്യാറില്ലെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട അധികാരികൾ ഉടൻ പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Comments