ലക്നൗ : ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി ബിജെപി എംപി മുകേഷ് രജ്പുത്. ജില്ലയുടെ പേര് മാറ്റി പഞ്ചൽ നഗർ എന്നോ, അപർകാശി എന്നോ ആക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മണ്ണാണ് ഫറൂഖാബാദ് എന്നും എംപി കത്തിൽ പറഞ്ഞു.
മഹാഭാരത്തിൽ ദ്രൗപതിയുടെ പിതാവായ ദ്രുപത മഹാരാജാവ് ഭരിച്ചിരുന്ന പ്രദേശമാണ് പാഞ്ചാലം. ഈ പ്രദേശത്തിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന കാംപിൽ, ഇന്നത്തെ ഫറൂഖാബാദിലാണ് സ്ഥിതി ചെയ്തിരുന്നത്. ദ്രൗപതിയുടെ സ്വയംവരം നടന്നതും ഇവിടെ വെച്ചാണ്. ഗംഗ, കാളി എന്നീ നദികളുടെ സമീപത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ പ്രദേശം പുരാണ കാലം മുതൽ സമ്പന്നമാണ്. ഹിന്ദുക്കൾക്കും ജെയിൻ മതവിശ്വാസികൾക്കും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കാംപിൽ എന്നും ബിജെപി എംപി ഓർമ്മിപ്പിച്ചു. കാശി പോലുള്ള ശിവക്ഷേത്രങ്ങൾ എല്ലായിടത്തും സ്ഥിതി ചെയ്യുന്നതിനാൽ ഇതിനെ അപർകാശി എന്നും വിളിക്കുന്നുവെന്ന് മുകേഷ് രജ്പുത് വ്യക്തമാക്കി.
1714 ൽ മുഗൾ രാജാവ് ഫാറൂഖ്ഷിയാറാണ് നഗരത്തിന്റെ പേര് മാറ്റി ഫാറൂഖാബാദ് ആക്കിയത്. ഇന്ത്യൻ സംസ്കാരം തിരികെ കൊണ്ടുവന്നുകൊണ്ട് ഈ നഗരത്തിന്റെ പേര് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
നിബ്കറോറി റെയിൽവേ സ്റ്റേഷനും ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ ഗുരുവായിരുന്ന നീബ് കറോറി ബാബ ഹനുമാൻ ഭക്തനായിരുന്നു. അമേരിക്കയിൽ നിന്നും 1960 കളിൽ ഇന്ത്യയിലെത്തിയ ആളുകളുടെ ആത്മീയ ഗുരുവുമായിരുന്നു അദ്ദേഹം. ആ പേരുമായി ബന്ധപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷന് പേര് നൽകിയിരിക്കുന്നത് എന്നും എംപി വ്യക്തമാക്കി.
Comments