‘ഹൊ എന്തൊരു ചൂടാണ്’! കത്തിജ്വലിച്ച് നിൽക്കുന്ന സൂര്യനെ ഏതോ കുറ്റവാളിയെ പോലെയാണ് നമ്മൾ നോക്കുന്നത്. സൂര്യതാപം ഭയന്ന് പുറത്തിറങ്ങാൻ പോലും ആളുകൾ മടിക്കുകയാണ്. പക്ഷെ എഴുപതുകാരനായ മഹേന്ദ്ര സിംഗ് വർമ്മയ്‌ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. ഒരു മണിക്കൂറിൽ അധികം കണ്ണിമചിമ്മാതെ സൂര്യനെ നോക്കി ഗിന്നസ് റെക്കോഡ് അടിച്ചെടുത്തിരിക്കുകയാണ് കക്ഷി.
ഇങ്ങനെ കത്തിജ്വലിച്ച് നിൽക്കുന്ന സൂര്യനെ നഗ്‌ന നേത്രങ്ങൾ കൊണ്ട് ഇങ്ങനെ നോക്കി നിൽക്കാനാകുമോ ആർക്കെങ്കിലും?…. എന്ത് പറഞ്ഞാലും ഇത് അത്ര എളുപ്പമുള്ളകാര്യമല്ല. അതിതീവ്രമായ സൂര്യപ്രകാശം ഭാഗിക അന്ധതയ്‌ക്ക് വരെ കാരണമാകാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ഉൾപ്പെടെ പറയുന്നു. മാത്രമല്ല അഞ്ച് മിനിറ്റ് നേരം നോക്കുമ്പോൾ തന്നെ നമ്മുടെ കണ്ണുകൾ വേദനിക്കാൻ തുടങ്ങും. അത്ര തീക്ഷ്ണമാണ് സൂര്യന്റെ കിരണങ്ങൾ.
കണ്ണിന്റെ റെറ്റിനയ്‌ക്കും ലെൻസിനും കടുത്ത സൂര്യകിരണങ്ങൾ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യും. സൂര്യഗ്രഹണം ഉൾപ്പെടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണരുത് എന്ന് മുന്നറിയിപ്പ് നൽകുന്നതും ഇതുകൊണ്ടാണ്. എന്നാൽ ഇതേ സൂര്യനെ കണ്ണിമ ചിമ്മാതെ നോക്കി നോക്കിയാണ് മഹേന്ദ്ര സിംഗ് വർമ്മ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു 70കാരനായ മഹേന്ദ്ര സിംഗ് ഒരു മണിക്കൂറിലധികമാണ് കത്തുന്ന
സൂര്യനെ നോക്കി നിന്നത്.
ഇത് പെട്ടന്നുണ്ടായ സിദ്ധിയൊന്നും അല്ല, കഴിഞ്ഞ 25 വർഷത്തോളമായി മഹേന്ദ്രസിംഗ് സൂര്യനെ നോക്കി പരിശീലിക്കുന്നുണ്ട്. ഏകദേശം ഒരു മണിക്കൂറിൽ അധികം നേരം ഇമവെട്ടാതെ സൂര്യനെ നോക്കിനിൽക്കാൻ അദ്ദേഹത്തിന് സാധിക്കും. ഗിന്നസ് റെക്കോർഡിൽ ഇടം നേടുന്നതിനായി ഡോക്ടർമാരുടെയും ഇന്ത്യയുടെ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഒരു മണിക്കൂറോളം സൺഗ്ലാസുകളില്ലാതെ അദ്ദേഹം സൂര്യനെ നേരിട്ട് നോക്കിയിരുന്നു.
ഒരു മണിക്കൂർ 26 മിനിറ്റ് നഗ്‌ന നേത്രങ്ങൾ കൊണ്ട് മഹേന്ദ്രസിംഗ് സൂര്യനെ നോക്കിയത്. 39 ഡിഗ്രി ചൂടിലായിരുന്നു ഇത്. ത്രടക എന്ന് വിളിക്കുന്ന പരിശീലന മുറയിലൂടെയാണ് താൻ ഈ കഴിവ് സ്വന്തമാക്കിയതെന്ന് സിംഗ് പറഞ്ഞു. കറുത്ത് കുത്ത് പോലെയുള്ള ഒരൊറ്റ ബിന്ദുവിൽ ഏറെ നേരം നോക്കിയിരിക്കുന്ന ധ്യാനരീതി ഉൾപ്പെടുന്നതാണ് ത്രടക. കടുത്ത പരിശീലന മുറയാണ് ഈ പ്രകടനത്തിനായി വേണ്ടി വരുന്നതെന്ന് സിംഗ് പറയുന്നു.
ഇതിൽ ഏറ്റവും അത്ഭുതകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഇത്രയും കാലമായിട്ടും വർമയുടെ കാഴ്ചശക്തിക്കും, കണ്ണിന്റെ ആരോഗ്യത്തിനും ഒരു തകരാറും സംഭവിച്ചിട്ടില്ല എന്നതാണ്. സൂര്യനെ 10 മിനിറ്റ് നേരം കണ്ണിമചിമ്മാതെ നോക്കിയ മറ്റൊരു ഇന്ത്യക്കാരന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. സിംഗിന്റെ കണ്ണിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും, ഇത് അനുകരിക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.
Comments