മൂവാറ്റുപുഴ ; ഹൃദ്രോഗിയായ അച്ഛൻ ഐസിയുവിൽ കിടക്കുമ്പോൾ നാല് കുട്ടികളെ വീട്ടിൽ നിന്നും ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു. ദളിത് കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ അടക്കം നാല് പേരെയാണ് ബാങ്കുകാർ വീട്ടിൽ നിന്നും പുറത്താക്കിയത്. തുടർന്ന് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ രാത്രി പൂട്ടുപൊളിച്ച് കുട്ടികളെ വീടിനകത്തു കയറ്റി.
മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിലാണ് സംഭവം. പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ അജേഷ്കുമാറിന്റെ വീടാണ് ശനിയാഴ്ച ഉച്ചയ്ക്ക് ജപ്തി ചെയ്തത്. മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ പേഴയ്ക്കാപ്പള്ളി ശാഖയിൽ നിന്ന് 2018-ൽ ഒരു ലക്ഷം വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാണ് കുട്ടികളെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. തുടർന്ന് വീട്ടിൽ സീൽ വെയ്ക്കുകയും ചെയ്തു.
അജേഷിന്റെ ആരോഗ്യനില മോശമായതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിപ്പോയത്. ഇയാൾക്ക് നാല് തവണ ഹൃദയാഘാതം വന്നിട്ടുണ്ട്. തുക പലപ്പോഴായി അടച്ചിരുന്നു എന്നാണ് അജേഷ് പറയുന്നത്. എന്നാൽ ഇപ്പോൾ ഒന്നര ലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്.
ജപ്തി നോട്ടീസ് അയച്ചെങ്കിലും അജേഷ് ആശുപത്രിയിലായതിനാൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. ഭാര്യയുടെ അജേഷിനൊപ്പം ആശുപത്രിയിലായിരുന്നു. നാലുമക്കളിൽ പത്തിൽ പഠിക്കുന്ന മൂത്ത ആൺകുട്ടി പഠനാവശ്യത്തിനായി പോയരുന്നു. ഏഴിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അഞ്ചിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുമാണ് ഉണ്ടായിരുന്നത്.
പഞ്ചായത്തിൽ നിന്നും ലഭിച്ച നാല് സെന്റ് ഭൂമിയിലാണ് ഇവർ താമസിക്കുന്നത്. ഫോട്ടോഗ്രാഫറായിരുന്ന അജേഷ് രോഗിയായതോടെ ജോലിക്ക് പോവാതെയായി. കുട്ടികൾ മാത്രം ഉള്ളപ്പോൾ എത്തി അത്യാവശ്യം തുണിയും മറ്റും എടുക്കാൻ പറഞ്ഞ് പോലീസും വക്കീലും ബാങ്ക് ജീവനക്കാരും ചേർന്ന് ഇവരെ ഇറക്കിവിടുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സമരം നടന്നു.
എന്നാൽ കോടതിയാണ് നടപടിയെടുത്തത് എന്നും ഗൃഹനാഥൻ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞതോടെ താക്കോൽ തിരികെ കൊടുക്കാൻ ശ്രമിച്ചെന്നും ബാങ്ക് അധികൃതർ പറഞ്ഞു. അടഞ്ഞുകിടന്ന വീട്ടിൽ നടപടി പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും. കുട്ടികളെ ഇറക്കിവിട്ടിട്ടില്ലെന്നും ഇവർ പറയുന്നു.
Comments