വാഹനപ്രേമികളാണ് ഒട്ടുമിക്ക സിനിമതാരങ്ങളും. അതുകൊണ്ട് തന്നെ അവർ പ്രീമിയം കാറുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതും പതിവാണ്. താരങ്ങൾ സ്വന്തമാക്കാറുള്ള പുത്തൻ കാറുകളുടെ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. സിനിമാ താരങ്ങൾ പ്രീമിയം വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതും ചർച്ചയാകാറുണ്ട്. ഇതിനിടെ നടൻ മോഹൻലാൽ ഡ്രൈവ് ചെയ്യുന്നത് കാണാറില്ലെന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ ആരാധകരെ പുളകം കൊള്ളിച്ചുകൊണ്ട് അദ്ദേഹം മിനി കൂപ്പർ ഓടിച്ച് ലൊക്കേഷനിലെത്തുന്ന രംഗങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
നടന്റെ സുഹൃത്തും പ്രമുഖ വ്യവസായിയുമായ സമീർ ഹംസയാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇരുപതാം നൂറ്റാണ്ടിലെ മോഹൻലാലിന്റെ ദൃശ്യങ്ങളെ കോർത്തിണക്കി എഡിറ്റ് ചെയ്താണ് സമീർ ഹംസ ദൃശ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കൂടി ചേർത്തതോടെ ലാലേട്ടൻ പ്രേമികൾ ദൃശ്യങ്ങൾ ഏറ്റെടുത്തു.
ബറോസിന്റെ കൊച്ചിയിലെ ലൊക്കേഷനിലേക്കാണ് മിനി കൂപ്പർ ജോൺ കൂപ്പർ വർക്‌സ് ഓടിച്ചുകൊണ്ട് താരമെത്തുന്നത്. നടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. 2022 നവംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ടൈറ്റിൽ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്.
Comments