ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഷോപ്പിയാനിലെ ചോട്ടോഗാം മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു കശ്മീരി പണ്ഡിറ്റിന് വെടിയേറ്റു. സോനു കുമാർ ബൽജിയ്ക്കാണ് വെടിയേറ്റത്. കടയുടമയായ സോനുവിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റുമുട്ടലും ഭീകരർക്കായുളള തിരച്ചിലും നടക്കുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് സോനുവിന് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുൽവാമയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഭീകരാക്രമണത്തിൽ നാല് പ്രാദേശിക തൊഴിലാളികളും ശ്രീനഗറിൽ രണ്ട് സിആർപിഎഫ് ജവാന്മാരും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.
പുൽവാമ ജില്ലയിലെ ലജൂറ പ്രദേശത്ത് ഇന്ന് ഉച്ചയോടെ രണ്ട് തൊഴിലാളികൾക്ക് വെടിയേറ്റു. ബിഹാർ സ്വദേശികളായ പട്ലേശ്വർ കുമാർ, ജാക്കോ ചൗധരി എന്നിവർക്കാണ് പരിക്കേറ്റത്. നൗപോറ മേഖലയിൽ പഞ്ചാബിൽ നിന്നുള്ള രണ്ട് തൊഴിലാളികൾക്കും വെടിയേറ്റിരുന്നു. മൈസുമ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് വെടിയേൽക്കുന്നത്. ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
ഭീകരാക്രമണത്തെ ലഫ്. ഗവർണർ മനോജ് സിൻഹ അപലപിച്ചു. ‘സിവിലിയന്മാർക്കും സിആർപിഎഫ് ജവാന്മാർക്കും നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. വീരമൃത്യുവരിച്ച എച്ച്സി വിശാൽ കുമാറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിന് പ്രാർത്ഥിക്കുന്നു. ഭീകർക്ക് സുരക്ഷാ സേന തക്കതായ മറുപടി നൽകും’ മനോജ് സിൻഹ പ്രസ്താവനയിൽ അറിയിച്ചു.
Comments