മോസ്‌കോ: പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി റഷ്യൻ സർക്കാർ. വിദേശയാത്രയ്‌ക്ക് ഒരുങ്ങുന്ന പൗരന്മാർ ഇന്ത്യയെ തെരഞ്ഞെടുക്കാൻ സർക്കാർ ഔദ്യോഗികമായി നിർദ്ദേശം നൽകി. യുഎഇയും യാത്രികർക്ക് തെരഞ്ഞെടുക്കാമെന്ന് സർക്കാർ അറിയിച്ചു. റഷ്യയുടെ സൗഹൃദ ലിസ്റ്റിൽ ഇന്ത്യ തന്നെയാണ് മുന്നിലെന്നാണ് ഇത് തെളിയിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.
റഷ്യയുടെ ടൂറിസം കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ നദാലിയ കോസ്‌റ്റെങ്കോയുടേതാണ് ഈ നിർദ്ദേശം. റഷ്യക്കാരെ സംബന്ധിച്ചടുത്തോളം യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര അങ്ങേയറ്റം അപകടകരമാണെന്നും കഴിയുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. വിദേശത്ത് കഴിയുന്ന റഷ്യക്കാരോട് യൂറോഷ്യൻ രാജ്യങ്ങൾ സുരക്ഷിതമല്ലെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
റഷ്യ-യുക്രെയ്ൻ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഉപദേശവുമായി ടൂറിസം വകുപ്പ് എത്തിയത്. ഇന്ത്യ, ശ്രീലങ്ക, തുർക്കി, ഇസ്രായേൽ, യുഎഇ തുടങ്ങിയ രാഷ്‌ട്രങ്ങൾ സുരക്ഷിതമാണ്. മോസ്‌കോയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതിനോടുള്ള പ്രതികരണമെന്ന നിലയിൽ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളെ സൗഹൃദ പട്ടികയിൽ നിന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒഴിവാക്കിയിരുന്നു.
സൗഹൃദപട്ടികയിൽ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. നോർവേ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, ലിച്ചെൻസ്റ്റീൻ, ഐസ്ലാൻഡ് എന്നി രാജ്യങ്ങളുമായി വിസ നടപടികളും നിർത്തിവെച്ചിട്ടണ്ട്. യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിലുള്ള 2006 മുതലുള്ള ചില വിസ വ്യവസ്ഥകളും താത്കാലികമായി നിർത്തിവെച്ചു. പൗരന്മാർക്ക് വിസ നൽകുന്നതിനുള്ള സംവിധാനം സംബന്ധിച്ച കരാറാണിത്.
അതിനിടെ വിദേശികൾക്കും പൗരത്വമില്ലാത്ത ആളുകൾക്കും റഷ്യൻ ഫെഡറേഷനിൽ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും പുടിൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം രൂക്ഷമായി 41 ദിവസം പിന്നിടുമ്പോഴാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
















Comments