കോഴിക്കോട്: വേനൽകാലത്ത് പഴങ്ങൾ ധാരാളം കഴിക്കാൻ ആരോഗ്യവിദഗ്ധർ ഉൾപ്പെടെ ഉപദേശിക്കാറുണ്ട്. എന്നാൽ ശരീരം തണുപ്പിക്കാൻ ആവശ്യമായ ഇത്തരം പഴവർഗങ്ങളുടെ വില കേട്ട് പൊള്ളുകയാണ് ആളുകൾക്ക്. രണ്ടാഴ്ച മുൻപ് 80 രൂപയായിരുന്ന ഒരു കിലോ ചെറുനാരങ്ങയുടെ വില ഇന്ന് 180 രൂപയാണ്. ഒരു കിലോ തണ്ണിമത്തന്റെ വില പത്ത് ദിവസത്തിനിടെ 12 രൂപയിൽ നിന്ന് മുപ്പതിലെത്തി.
ഒരു കിലോ പഴവർങ്ങൾക്ക് 50 രൂപവരെയാണ് നിന്ന നിൽപ്പിൽ വിലകൂടിയത്. ജ്യൂസ് ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന ഷമാമിന് കിലോയ്ക്ക് 35 രൂപയും, ഓറഞ്ച്, പൈനാപ്പിൾ എന്നിവയ്ക്ക് 30 രൂപയുമാണ് രണ്ടാഴ്ച്ചക്കിടെ വർദ്ധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഴങ്ങൾ വരുന്നത് കുറഞ്ഞതിനാലാണ് വില കുത്തനെ കൂടിയതെന്നാണ് കച്ചവടക്കാർ പറയുന്നത്. മാത്രമല്ല, നോമ്പ് കാലമാകുമ്പോൾ പഴങ്ങളുടെ വില വർദ്ധന സാധാരണമാണ്.
അതിൽ ഏറ്റവും കൂടുതൽ അമ്പരപ്പിക്കുന്നത് ചെറുനാരങ്ങയുടെ വിലയാണ്. രണ്ടാഴ്ച്ചക്കിടെ നൂറ് രൂപയാണ് ചെറുനാരങ്ങയ്ക്ക് വർദ്ധിച്ചത്. അതായത് ഒരു ചെറുനാരങ്ങയ്ക്ക് പത്ത് രൂപയിലധികം കൊടുക്കേണ്ട അവസ്ഥ. പഴങ്ങൾക്ക് വില വർദ്ധിച്ചതോടെ ജ്യൂസ് കടക്കാരും, സാധാരണക്കാരും എല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വേനൽക്കാലത്ത് കുളിർമ്മ നൽകേണ്ടുന്ന പഴങ്ങളുടെ വില കേട്ടാൽ തന്നെ പൊള്ളുന്ന അവസ്ഥയാണ്.
Comments