ശരീരത്തിൽ രോമമില്ലാതെ പിറന്ന കറുത്ത നിറത്തിലുള്ള വിചിത്ര ആടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. തുർക്കിയിലെ മെഴ്‌സിൽ പ്രവിശ്യയിലുള്ള സിരീസ് ഗ്രാമത്തിലെ ഒരു ഫാമിലാണ് ഈ ആട് പിറന്നത്. കർഷക ദമ്പതികളായ ഹുസൈൻ-ഏയ്‌സെൽസിന്റേതാണ് ഫാം.
ഫാമിലെ ആടിന് ഇരട്ട ആട്ടിൻ കുട്ടികളാണ് പിറന്നത്. അതിൽ ഒരെണ്ണമാണ് വിചിത്ര രൂപത്തിലുള്ളത്. ശരീരത്തിൽ രോമമില്ലാതെയാണ് ആട് ജനിച്ചത്. ജനിതക വൈകല്യമാകാം ആടിന്റെ വിചിത്ര രൂപത്തിന് പിന്നിലെന്നാണ് സൂചന. അതിനാൽ തന്നെ അതീവ ശ്രദ്ധയോടെയാണ് ഹുസൈനും ഏയ്‌സെൽസും ഇതിനെ വളർത്തുന്നത്.
ആടിനെ കാണാനായി സമീപ പ്രദേശത്തുനിന്നെല്ലാം നിരവധി പേരാണ് എത്തുന്നത്. വർഷങ്ങളായി ഈ ഫാം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരമൊരു ആട്ടിൻകുട്ടി ഇവിടെ ജനിക്കുന്നത് ആദ്യമായിട്ടാണെന്ന് ഉടമകൾ പറയുന്നു. രണ്ട് തലകളുള്ള ആടിനെ കണ്ടിട്ടുണ്ടെന്നും എന്നാൽ ഈ രൂപത്തിലൊരു ആടിനെ ഇതുവരെ കണ്ടിട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു.
Comments