ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് നികുതി വരുമാനത്തിൽ രേഖപ്പെടുത്തിയത് റെക്കോഡ് വർദ്ധന. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 27.07 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. നേരിട്ടുളള നികുതിയിലും ഇൻഡയറക്ട് ടാക്‌സിലും മുന്നേറ്റമുണ്ടായതായി റവന്യൂ സെക്രട്ടറി തരുൺ ബജാജ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 33.5 ശതമാനത്തിന്റെ വർദ്ധനയാണ് നികുതി പിരിവിൽ ഉണ്ടായത്.
ബജറ്റിൽ 22.17 ലക്ഷം കോടി രൂപയായിരുന്നു നികുതി വരുമാനമായി പ്രതീക്ഷിച്ചിരുന്നത്. ഇതിന് അടുത്ത് എത്താനായി എന്നതും സർക്കാരിന് ആത്മവിശ്വാസം നൽകുന്നതാണ്. നേരിട്ടുളള നികുതിവരുമാനം ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും കൂടുതലാണ് ലഭിച്ചതെന്ന് റവന്യൂ സെക്രട്ടറി കൂട്ടിച്ചേർത്തു. 14.10 ലക്ഷം കോടി രൂപയാണ് നേരിട്ടുളള നികുതി വരുമാനം. ബജറ്റിൽ കണക്ക് കൂട്ടിയിരുന്നതിലും 3.02 ലക്ഷം കോടി രൂപയാണ് അധികമായി പിരിഞ്ഞുകിട്ടിയത്.
നേരിട്ടല്ലാത്ത (ഇൻഡയറക്ട്) നികുതി വരുമാനവും ബജറ്റിലെ കണക്കുകൂട്ടലിനപ്പുറമാണ് ലഭിച്ചത്. 12.90 ലക്ഷം കോടി രൂപയാണ് നേരിട്ടല്ലാത്ത നികുതിയിനത്തിൽ ലഭിച്ചത്. 11.02 ലക്ഷം കോടി രൂപയായിരുന്നു ബജറ്റിൽ കണക്കുകൂട്ടിയിരുന്നത്. നേരിട്ടുളള നികുതിയിൽ 49 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തിയപ്പോൾ ഇൻഡയറക്ട് ടാക്‌സിൽ 30 ശതമാനമാണ് വർദ്ധന.
ധനമന്ത്രാലയത്തിന്റെ ശക്തമായ നടപടികളും ഇടപെടലുമാണ് രാജ്യത്ത് നികുതി വരുമാനം ഉയരാനുളള കാരണം. ശ്രീലങ്കയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് വലയുമ്പോഴാണ് ഇന്ത്യ നികുതി വരുമാനത്തിൽ ഉൾപ്പെടെ നേട്ടമുണ്ടാക്കുന്നതെന്നതും ശ്രദ്ധേയമാണ്.















