കണ്ണൂർ: മുൻ വർഷങ്ങളെ അപേക്ഷിച്ച് സിപിഐഎം പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവെന്ന് സംഘടനാറിപ്പോർട്ട്. ത്രിപുരയിലും ബംഗാളിലും പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ചോർന്നു പോയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസ്സ് നടക്കുമ്പോൾ 10,25,352 അംഗങ്ങളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോൾ 9,85,757 അംഗങ്ങളാണ് ഉള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത്തവണത്തെ സംസ്ഥാന പട്ടികയിൽ സിക്കിം ഇടം നേടാതെ പോയതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് റിപ്പോർട്ടിൽ ഇടം നേടിയ സിക്കിമിന്റെ പേര് ഇത്തവണ റിപ്പോർട്ടിലില്ല. ഇതിനർത്ഥം അവിടൊരു പാർട്ടി അംഗങ്ങളുമില്ല എന്നതാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ റിപ്പോർട്ടിൽ 60 അംഗങ്ങളാണ് സിക്കിമിൽ ഉണ്ടായിരുന്നത്. ഇത്തവണത്തെ റിപ്പോർട്ടിൽ സിക്കിമിന്റെ പേര് ഇല്ല.
കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം ബംഗാളിൽ 48,096 അംഗങ്ങളും ത്രിപുരയിൽ 47,378 അംഗങ്ങളുമാണ് കൊഴിഞ്ഞു പോയത്. പശ്ചിമ ബംഗാളിൽ 2,08,923 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി. ത്രിപുരയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 97, 990 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയിൽ ഇപ്പോൾ 50,612 പേർ മാത്രമാണുള്ളത്.
പാർട്ടി അസാധാരണമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ മാത്രമാണ് സിപിഎമ്മിന് പ്രതീക്ഷിച്ച വളർച്ചയുണ്ടായത്. പാർട്ടി അംഗങ്ങൾ 4, 63, 472 ൽ നിന്നും 5,27,174 ആയി വർദ്ധിച്ചു. ഉത്തർപ്രദേശ്, അസം, ജമ്മുകശ്മീർ, ഛത്തീസ്ഗഡ്, ഒഡീഷ, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു.
തെലങ്കാനയിൽ 2993 അംഗങ്ങളുടേയും ആന്ധ്രാപ്രദേശിൽ 3436 അംഗങ്ങളുടേയും കുറവാണ് ഉണ്ടായത്. ഏറ്റവും കുറവ് അംഗങ്ങളുള്ള സംസ്ഥാനം ഗോവയാണ്. ഇവിടെ ആകെ പാർട്ടിയ്‌ക്കുള്ളത് 45 പേരാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ 51 ഉണ്ടായിരുന്നതാണ് 45 ആയി കുറഞ്ഞത്. പാർട്ടിയിലുള്ള അംഗങ്ങളുടെ നിലവാരം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
ഗുജറാത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് അംഗങ്ങളാണ് പാർട്ടിയിൽ ചേർന്നത്. 2017ൽ 3718 അംഗങ്ങളുണ്ടായിരുന്നത് ഇപ്പോൾ 3724 ആയി മാറിയിട്ടുണ്ട്. കർണ്ണാടകയിൽ 9190 അംഗങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോൾ 8052 അംഗങ്ങളാണുള്ളത്. തമിഴ്‌നാട്ടിൽ നേരിയ വർദ്ധനവ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
മഹാരാഷ്‌ട്ര, ഹിമാചൽപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, ബിഹാർ എന്നിവിടങ്ങളിൽ ചെറിയ വർദ്ധനവും ഉണ്ടായി. ഒരു ലക്ഷത്തിൽ അധികം തൊഴിലാളികളാണ് ബംഗാളിൽ പാർട്ടി വിട്ടത്. ത്രിപുരയിൽ 88,567 പേരാണ് പാർട്ടി വിട്ടത്. 3.48 ലക്ഷം കർഷകരും ത്രിപുരയിൽ പാർട്ടി വിട്ടു. ബംഗാളിൽ 12.05 ലക്ഷത്തോളം കർഷകരും പാർട്ടിയിൽ നിന്നു രാജിവെച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
















Comments