ബെംഗളൂരു: ഇംഗ്ലീഷിന് പകരമുള്ള ഭാഷയായി രാജ്യത്തുടനീളം ഹിന്ദി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വർധിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഹിന്ദി ഞങ്ങളുടെ രാഷ്ട്ര ഭാഷയല്ല, ഞങ്ങൾ ഒരിക്കലും ഇത് അനുവദിക്കില്ല എന്നായിരുന്നു സിദ്ധ രാമയ്യയുടെ പ്രസ്താവന.
‘ഒരു കന്നഡക്കാരൻ എന്ന നിലയിൽ, ഔദ്യോഗിക ഭാഷയേയും ആശയവിനിമയ മാദ്ധ്യമത്തെയും കുറിച്ചുള്ള അമിത്ഷായുടെ അഭിപ്രായത്തോട് ഞാൻ ശക്തമായി അപലപിക്കുന്നു. ഹിന്ദി ഞങ്ങളുടെ രാഷ്ട്ര ഭാഷയല്ല, ഞങ്ങൾ അത് ഒരിക്കലും അനുവദിക്കില്ല എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇംഗ്ലീഷിന് പകരമുള്ള ഭാഷയായി രാജ്യത്തുടനീളം ഹിന്ദി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്ററി ഒഫീഷ്യൽ ലാംഗ്വേജ് കമ്മിറ്റിയുടെ യോഗത്തിൽ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ ഐക്യത്തിന് ഹിന്ദി ഭാഷ വഹിക്കുന്നത് നിർണായക പങ്കാണ്. ഇന്ത്യക്കാരായ രണ്ട് പേർ തമ്മിൽ സംസാരിക്കുമ്പോൾ നമ്മൾ എപ്പോഴും ഇന്ത്യൻ ഭാഷകളാണ് ഉപയോഗിക്കുന്നത്. അത് ചിലപ്പോൾ പ്രാദേശിക ഭാഷയോ അല്ലെങ്കിൽ മറ്റ് ഭാഷകളോ ആയേക്കാം എന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി സിദ്ധ രാമയ്യ രംഗത്തെത്തിയത്. സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.
Comments