കൊച്ചി: കേരളത്തിലെ റോഡുകളിൽ 2013ൽ കോടികൾ ചെലവിട്ട് സ്ഥാപിച്ച സ്പീഡ് ക്യാമറകളിൽ പ്രവർത്തനരഹിതമായവ നന്നാക്കാതെ കോടികൾ ചെലവിട്ട് പുതിയ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. 235 കോടി രൂപ ചെലവിട്ട് 726 ക്യാമറകളാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. നേരത്തെ ക്യാമറകൾ വച്ചതും, പുതിയ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നതും കെൽട്രോൺ ആണ്.
മിക്ക നിയമലംഘനങ്ങളും കണ്ടെത്താനാകും എന്നതാണ് പുതിയ ക്യാമറകളുടെ പ്രത്യേകതയായി പറയുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, അമിതവേഗം തുടങ്ങിയവയെല്ലാം പിടികൂടും. രാത്രിയിലും വളരെ കൃത്യമായി പ്രവര്‍ത്തിക്കുന്നവയാണ് ഈ ക്യാമറകള്‍. സീറ്റ്ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കിലും, ഡ്രൈവിങ്ങിനിടെ ഫോണ്‍ ചെയ്താലുമെല്ലാം ക്യാമറ ഓട്ടോമാറ്റിക്കായി അവ കണ്ടെത്തും. 800 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വരെ ഈ ക്യാമറ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തും.
2013ൽ ദേശീയ സംസ്ഥാന പാതകളിൽ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളിൽ 97 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. സ്പീഡ് ക്യാമറകളിൽ നിന്നും 2022 വരെ 105 കോടി രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളത്. കേടായ ക്യാമറകൾ നന്നാക്കാനുള്ള ഉത്തരവാദിത്വം കെൽട്രോണിന് ഉണ്ടെന്ന് പറയുമ്പോഴും പുതിയ കരാർ കൊടുത്തതിനെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതരും മൗനം പാലിക്കുകയാണ്.
Comments