ശ്രീനഗർ : ജമ്മു കശ്മീരിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. നൗഹട്ട സ്വദേശി ബഷരത് നബി ഭട്ട് ആണ് അറസ്റ്റിലായത്. ഇയാൾക്ക് പാക് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
വെള്ളിയാഴ്ച ശ്രീനഗറിലെ ജമിയാ മസ്ജിദിനുള്ളിലായിരുന്നു സംഭവം. പ്രാർത്ഥനയ്ക്കിടെ ബഷരതിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ചേർന്ന് ആസാദി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ തന്നെ ഗൗരവതരമായ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംശയമുള്ളവരുടെ വീടുകൾ കയറി പരിശോധന നടത്തുകയും ചെയ്തിരുന്നു.
ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിൽ നിന്നാണ് ബഷരത് ആണ് പ്രധാനപ്രതിയെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബഷരതിനൊപ്പം മുദ്രാവാക്യം വിളിച്ചവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ പരിശോധന തുടരുകയാണ്.
ബഷാരതിന് പാക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. പാകിസ്താനിലെ ചില രാജ്യവിരുദ്ധ സംഘടനകളിൽ നിന്നും യുവാവിന് നിർദ്ദേശം കിട്ടിയിട്ടുണ്ടോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മസ്ജിദിലും പരിസരത്തും സുരക്ഷയും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്.
Comments