ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കുക എന്നത് ചില്ലറക്കാര്യമല്ല. കഠിനാധ്വാനത്തിലൂടെയാണ് പലരും ഈ നേട്ടത്തിലേക്ക് എത്തുന്നത്. എന്നാൽ ബ്രസീലിൽ നിന്നുള്ള റഫേൽ സൂനോ ബ്രിതി എന്ന 35കാരനായ യുവാവ് ഈ നേട്ടം സ്വന്തമാക്കിയത് അങ്ങേയറ്റം അപകടകരമായ രീതിയിലാണ്. ഗിന്നസ് ബുക്കിൽ ഇടം നേടാൻ മേഘക്കൂട്ടങ്ങൾക്ക് മുകളിൽ നിന്നുള്ള റഫേലിന്റെ അഭ്യാസം കണ്ട് അമ്പരക്കുകയാണ് കാണികൾ.
ആകാശത്ത് ഉയർന്നു നിൽക്കുന്ന രണ്ട് പാരച്യൂട്ടുകൾക്കിടയിൽ ചരട് ഘടിപ്പിച്ച് അതിലൂടെ നടക്കുകയാണ് റഫേൽ ചെയ്യുന്നത്. ആകാശത്ത് കെട്ടിയിട്ടിരിക്കുന്ന കയറിൽ മേഘങ്ങൾക്കിടയിലൂടെ നഗ്നപാദനായി നടക്കുന്ന റഫേലിനെ വീഡിയോയിൽ കാണാൻ സാധിക്കും. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ ഇത് കാണാൻ സാധിക്കൂ. 1901 മീറ്റർ അതായത് 6326 അടി ഉയരത്തിലൂടെയാണ് റഫേൽ നടക്കുന്നത് എന്നറിയുമ്പോൾ അതിലെ അപകട സാധ്യതയെ കുറിച്ച് നമുക്ക് കൂടുതൽ ബോധ്യമാകുന്നത്. താഴെ മേഘക്കൂട്ടങ്ങൾ മാത്രമാണ് കാണാനാകുന്നത്. അങ്ങേയറ്റം ഏകാഗ്രത ഇല്ലാതെ ഒരാൾക്കും ഇത് ചെയ്യാനാകില്ലെന്നാണ് ഗിന്നസ് റെക്കോർഡ് അധികൃതർ വരെ പറയുന്നത്.
സ്ലാക്ക്‌ലൈൻ പ്രേമിയാണ് റഫേൽ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ ഇരട്ടി ഉയരത്തിലാണ് റഫേൽ നടന്നത്. മേഘങ്ങൾക്കിടയിലൂടെയുള്ള നടത്തം ഏറ്റവും വലിയ പ്രചോദനങ്ങളിൽ ഒന്നാണെന്ന് റഫേൽ പറയുന്നു. വായുവിൽ പൊങ്ങി കിടക്കുന്നത് ഇഷ്ടപ്പെട്ടുവെന്നും റഫേൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് റഫേൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുന്നത്. രണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
റഫേൽ സൂനോയുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മേഘങ്ങൾക്കിടയിലൂടെ നടക്കുന്ന സാഹസികത മാത്രമല്ല റഫേൽ ചെയ്യുന്നത്. ആഴമുള്ള നദികൾക്ക് കുറുകെ കയറ് കെട്ടി നടന്നും വലിയ കൊക്കയിലേക്ക് റോപ്പ് കെട്ടി ചാടിയുമൊക്കെയുള്ള സാഹസികത റഫേൽ ചെയ്യാറുണ്ട്. ഇതിന്റെ വീഡിയോ എല്ലാം സോഷ്യൽ മീഡീയയിൽ പങ്കുവെച്ചിട്ടുണ്ട്. ശ്വാസം അടക്കിപ്പിടിച്ച് മാത്രമെ റഫേലിന്റെ വീഡിയോ കണ്ടിരിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം ഈ സാഹസികത ആരും അനുകരിക്കരുതെന്നും നിരന്തരമായ പരിശീലനത്തിലൂടെയാണ് താൻ ഈ കഴിവ് നേടിയെടുത്തതെന്നും റഫേൽ പറയുന്നു.
വ്യത്യസ്തതയ്‌ക്കായി എന്തും ചെയ്യുന്നവരുടെ കാലമാണിത്. എന്നാൽ ജീവനു ഭീഷണിയാകുന്ന ഇത്തരം സാഹസികതകൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. അതുകൊണ്ട് തന്നെയാണ് റഫേൽ സുനോ അങ്ങേയറ്റം വ്യത്യസ്തനാകുന്നത്















Comments