യുക്രെയ്‌നെ സഹായിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ടെത്തി; സെലൻസ്‌കിയോടൊപ്പം യുക്രെയ്ൻ തെരുവുകളിലൂടെ നടന്ന് ബോറിസ് ജോൺസൺ

Published by
Janam Web Desk

കീവ് : യുദ്ധത്തിൽ തകർന്നടിഞ്ഞ യുക്രെയ്ൻ തെരുവുകളിലൂടെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയോടൊപ്പം നടന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രെയ്‌നിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ബോറിസ് ജോൺസൺ തലസ്ഥാന നഗരമായ കീവ് സന്ദർശിച്ചത്.

യുക്രെയ്‌നിന് എല്ലാ സാമ്പത്തിക സഹായവും നൽകാമെന്നും സൈനിക പിന്തുണ ഉറപ്പാക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ യുക്രെയ്‌നെ സഹായിക്കാൻ യുകെ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായിട്ടാണ് ഇരു നേതാക്കളും ചേർന്ന് കീവ് തെരുവുകളിലൂടെ പര്യടനം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഇരുവും സംസാരിച്ചു നീങ്ങുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ബോറിസ് ജോൺസൺ പ്രദേശവാസികളോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

അതിനിടെ ഒരു യുക്രെയ്ൻ പൗരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. യുദ്ധസമയത്ത് ബ്രിട്ടൻ നൽകിയ പിന്തുണയ്‌ക്കാണ് യുവാവ് നന്ദി രേഖപ്പെടുത്തിയത്. എന്നാൽ നിങ്ങൾക്ക് മികച്ച ഒരു പ്രസിഡന്റിനെ തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്നും അദ്ദേഹം ജനങ്ങൾക്ക് എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്നുണ്ടെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.

വേൾഡ് ബാങ്കുകളിൽ നിന്നും വായ്പയ്‌ക്ക് പുറമേ ആയുധ ശേഖരങ്ങളുമായി വാഹനങ്ങളും ആന്റി മിസൈൽ സംവിധാനങ്ങളും നൽകുമെന്ന് യുകെ വാഗ്ദാനം ചെയ്തു. റഷ്യയിൽ നിന്നുളള സാധനങ്ങളുടെ ഉപയോഗം നിർത്തലാക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

Share
Leave a Comment