തിരുവനന്തപുരം: ഗുണ്ടകൾക്കെതിരേ കാപ്പ ചുമത്തുന്നത് വേഗത്തിലാക്കാൻ പോലീസിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് അപേക്ഷ നൽകിയാൽ മൂന്നാഴ്‌ച്ചയ്‌ക്കകം തീരുമാനമെടുക്കണം എന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. കൂടാതെ, അനാവശ്യമായി കാപ്പ ചുമത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
സംസ്ഥാനത്ത് ഗുണ്ടകൾ വിലസുന്നതിന് കാരണം കാപ്പ നിയമത്തിൽ കളക്ടർമാർ വെള്ളം ചേർത്തതിനാലാണെന്ന് പോലീസ് റിപ്പോർട്ടുണ്ടായിരുന്നു. കളക്ടർമാർക്കൊപ്പം ഡിഐജിയ്‌ക്കും അധികാരം നൽകി കാപ്പ ശക്തമാക്കാൻ പോലീസ് ആഭ്യന്തര വകുപ്പിനെ സമീപിച്ചിരുന്നു. കാപ്പയിൽപ്പെടുത്തി ജയിലിലടയ്‌ക്കാൻ ഗുണ്ടകളുടെ പട്ടിക നൽകിയാൽ, കളക്ടർമാർ അത് തള്ളിക്കളയുന്നത് ഗുണ്ടകൾക്ക് ധൈര്യമാകുന്നുവെന്ന് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ഇന്റിലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം ചേർന്നത്.
‘ഓപ്പറേഷൻ കാവൽ’ ആരംഭിച്ച് നാല് മാസം പിന്നിട്ടിട്ടും ഗുണ്ട ആക്രമണങ്ങൾ സ്ഥിരം കാഴ്ചയായതിനാലാണ് കാപ്പ നിയമം നടപ്പാക്കണമെന്ന് പോലീസ് നിലപാട് സ്വീകരിച്ചത്. 2007ലാണ് ഗുണ്ടകളെ തടയുന്നതിനായി കാപ്പ നിയമം കൊണ്ടുവന്നത്. ഏഴ് വർഷത്തിനിടയിൽ മൂന്ന് ഗുണ്ടാ സ്വഭാവമുള്ള കേസുകളിൽ പ്രതിയായാൽ, പ്രതി ഇനിയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുമെന്ന് കാട്ടി കാപ്പ ചുമത്തി തടവിലാക്കാൻ ജില്ലാ പോലീസ് മേധാവിയ്‌ക്ക് കളക്ടറോട് ശുപാർശ ചെയ്യാം. കളക്ടർ ഉത്തരവിറക്കിയാൽ ആര് മാസം വരെ തടങ്കലിൽ വയ്‌ക്കാം.
Comments