ന്യൂഡൽഹി : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഡൽഹി പീഡനക്കേസിലെ ഇര നിർഭയയുടെ അമ്മ. 14 കാരിയായ പെൺകുട്ടിയെ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകനും സംഘവും കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലാണ് മമത വിവാദ പരാമർശം നടത്തിയത്. എനിക്കെങ്ങനെ ഒരു പ്രണയ ബന്ധത്തെ തടുക്കാനാവും എന്നാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മരണത്തിനെ പറ്റി ആരാഞ്ഞവരോട് മമത ചോദിച്ചത്.
കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെക്കുറിച്ച് ഇത്തരം അപവാദങ്ങൾ പറയുന്നവർക്ക് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യതയില്ല എന്ന് നിർഭയയുടെ അമ്മ പറഞ്ഞു. ഒരു സ്ത്രീയായ മമതതയ്ക്ക് എങ്ങനെ ഇത്തരം പരാമർശങ്ങൾ നടത്താൻ തോന്നിയെന്നും അവർ ചോദിച്ചു. മുഖ്യമന്ത്രിയായിരിക്കുന്ന ഒരാൾ പറയുന്ന കാര്യങ്ങളല്ല മമത പറഞ്ഞത് എന്നും നിർഭയയുടെ അമ്മ ആവർത്തിച്ചു.
കഴിഞ്ഞ ദിവസമാണ് 14 കാരിയായ പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായത്. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകന്റെ കൂട്ടുകാരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിൽ അവശയായ പെൺകുട്ടിയെ വീട്ടിലെത്തിച്ചത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ മകൻ ആണ്. ആ സമയം കുട്ടി കഠിനമായ വയറുവേദനയെയും, രക്തസ്രാവത്തെയും തുടർന്ന് അവശയായിരുന്നു.
തൃണമൂൽ നേതാവിന്റെ മകൻ ഉൾപ്പെട്ട സംഭവം വിവാദമായതോടെ ആയിരുന്നു മമതയുടെ പ്രതികരണം. അവൾ ബലാത്സംഗത്തിനിരയായോ ഗർഭിണിയായോ പ്രണയബന്ധമാണോ അസുഖമാണോ എന്ന് നിങ്ങൾക്കെങ്ങനെ അറിയാം എന്നാണ് മമത ചോദിച്ചത്. ഇത് ഒരു പ്രണയബന്ധമാണെന്ന് വീട്ടുകാർക്ക് പോലും അറിയാമായിരുന്നു. അവർ ഒരു ബന്ധത്തിലാണെങ്കിൽ അവരെ ഞാൻ എങ്ങനെ തടുക്കാനാവും ? എന്നായിരുന്നു മമതയുടെ പരാമർശം. ലവ് ജിഹാദ് കാരണമല്ല പെൺകുട്ടി മരിച്ചതെന്നും മമത പറഞ്ഞു.
Comments