പത്തനംതിട്ട : പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നൽകിയെന്ന വിവരം പോലീസിൽ അറിയിച്ച യുവാവ് അതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. ചെങ്ങന്നൂർ സ്വദേശി അനന്തുവിനെയാണ് പോലീസ് പിടികൂടിയത്. മദ്യം നൽകിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് സഞ്ജുവിനെയും പോലീസ് പിടികൂടി.
ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. പെൺകുട്ടിക്കും സുഹൃത്തിനും മദ്യം നൽകിയെന്ന വിവരം അനന്തുവാണ് പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത്. തുടർന്ന് അനന്തു പെൺകുട്ടിയുടെ അമ്മയോടൊപ്പം കുട്ടിയെ തിരികെ കൊണ്ടുവരാൻ പോയി. അപ്പോൾ പോലീസും അവിടെ എത്തിയിരുന്നു. എന്നാൽ പോലീസിനെ കണ്ടതോടെ പെൺകുട്ടിക്കും സുഹൃത്തിനും മദ്യം നൽകിയ സഞ്ജു അവിടെ നിന്നും രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിന്നീട് പിടികൂടിയത്.
തുടർന്ന് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അനന്തു തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി തുറന്ന് പറഞ്ഞത്. ആളൊഴിഞ്ഞ വീട്ടിൽ മൂന്ന് തവണ അനന്തു തന്നെ കൊണ്ടുപോയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും പെൺകുട്ടി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അനന്തുവിനെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.
Comments