ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ മൊബൈൽഫോൺ പൊട്ടിത്തെറിച്ചു. ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോയുടെ വിമാനത്തിലാണ് സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
മൊബൈൽ ഫോണിന് തീപിടിച്ചതിന് പിന്നാലെ ക്യാബിൻ ക്രൂ അംഗങ്ങൾ എത്തി ഫയർ എക്‌സ്റ്റിംഗ്യൂഷറിന്റെ സഹായത്തോടെ തീയണക്കുകയായിരുന്നു. സംഭവത്തിൽ യാത്രക്കാർക്കോ ക്യാബിൻ ക്രൂ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ അറിയിച്ചു.
അസമിലെ ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന 6ഇ 2037 വിമാനത്തിലെ യാത്രക്കാരന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. പെട്ടെന്ന് ഫോണിന്റെ ബാറ്ററി അസാധാരണമായി ചൂടായതിന് പിന്നാലെ അതിൽ നിന്ന് തീപ്പൊരിയും പുകയും ഉയരുകയായിരുന്നു. ശേഷം ഫോൺ പൊട്ടിത്തെറിച്ചു. വിമാന ജീവനക്കാരുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായെന്ന് മറ്റ് യാത്രക്കാർ പ്രതികരിച്ചു. തുടർന്ന് വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12.45-ഓടെ ഡൽഹി വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി പറന്നിറങ്ങി.
Comments