അമൃത്സര്‍: പഞ്ചാബില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിളിച്ച യോഗത്തില്‍ നിന്ന് വിട്ട് നിന്ന് മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു. തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തോല്‍വിക്ക് പിന്നാലെ ഒരു മാസം മുന്‍പാണ് സിദ്ധു സ്ഥാനം രാജി വയ്‌ക്കുന്നത്. അമ്രീന്ദര്‍ സിങ് രാജ വാറിങ്ങാണ് പുതുതായി ചുമതല ഏറ്റെടുത്തിരിക്കുന്നത്. ചുമതല ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി വാറിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
‘ ഞാന്‍ നവ്‌ജ്യോത് സിംഗ് സിദ്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു, എന്നാല്‍ ഫോണ്‍ എടുത്തില്ല. അദ്ദേഹം സാമ്രാളയിലേക്ക് പോവുകയാണെന്ന് എന്നെ അറിയിച്ചിരുന്നു. ചിലപ്പോള്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആയിരിക്കാമെന്നും’ വാറിംഗ് പറഞ്ഞു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഏതെല്ലാം രീതിയില്‍ ശക്തിപ്പെടുത്താമെന്നതിനെ കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചുവെന്നും വാറിംഗ് പറഞ്ഞു.
കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്യും. അച്ചടക്കമില്ലായ്മയും ചേരിപ്പോരുമെല്ലാം പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിലെ ചില വിമത നേതാക്കളെ സിദ്ധു സന്ദര്‍ശിച്ചിരുന്നു. പഞ്ചാബിന് വേണ്ടി പോരാടുന്നത് തുടരുമെന്ന് വ്യക്തമാക്കിയായിരുന്നു കൂടിക്കാഴ്ച.
Comments