ശ്രീനിവാസന്റെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; സമൂഹമാദ്ധ്യമങ്ങൾ കർശന നിരീക്ഷണത്തിൽ; പാലക്കാട് നിരോധനാജ്ഞ തുടരുന്നു

Published by
Janam Web Desk

പാലക്കാട്: എസ്ഡിപിഐ തീവ്രവാദികളാൽ അരുംകൊല ചെയ്യപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ പോസറ്റ്‌മോർട്ടം ഇന്ന്. രാവിലെ എട്ട് മണിക്ക് പോസറ്റ്‌മോർട്ടം നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. വൈകിട്ടാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കൊലയാളി സംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

ജില്ലയിൽ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിൽ പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ഏപ്രിൽ 20 വരെയാണ് നിരോധനാജ്ഞ. സമൂഹമാദ്ധ്യമങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. മതസ്പർദ്ധ ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച രാത്രി തന്നെ പോലീസ് ഉന്നതല യോഗം ചേർന്നിരുന്നു. എഡിജിപി വിജയ് സാഖറെ ഉൾപ്പെടെയുള്ളവർ പാലക്കാട് എത്തിയിട്ടുണ്ട്. ജില്ലയിൽ പോലീസ് വിന്യാസം ശക്തമായിരിക്കുകയാണ്.

ശനിയാഴ്ച പട്ടാപ്പകലാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. ആറ് പേരായിരുന്നു അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. വാളുകളുമായി എത്തിയ മൂന്ന് പേർ കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസനെ ആക്രമിക്കാൻ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശരീരത്തിലാകെ പത്തിലധികം മുറിവുകൾ സംഭവിച്ചതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.

Share
Leave a Comment