ന്യൂഡൽഹി : ലേകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ക്രിസ്തുവിന്റെ ആശയങ്ങൾ മനുഷ്യസമൂഹത്തെ ഒറ്റക്കെട്ടായി നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം ആകട്ടെയെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ നേർന്നത്.
യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ. സ്‌നേഹം, ത്യാഗം, സഹനം എന്നീ പാതകൾ പിന്തുടരാൻ ഈസ്റ്റർ ദിനം നമുക്ക് പ്രചോദനം ആകും. ആഗോള മനുഷ്യസമൂഹത്തിന്റെ നന്മയ്‌ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഈസ്റ്റർ ദിനം നമുക്ക് പ്രചോദനം ആകട്ടെയെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
ഈ ഈസ്റ്റർ ദിനത്തിൽ ക്രിസ്തു ദേവന്റെ ചിന്തകളും, ആശയങ്ങളും നമുക്ക് ഒരിക്കൽ കൂടി ഓർക്കാമെന്ന് ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ ദിനത്തിൽ സാമൂഹിക നീതി, സഹനം എന്നീ മൂല്യങ്ങളെ ഉയർത്തിക്കാട്ടാം. ഈ സന്തോഷവും, സാഹോദര്യവും രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹവും ആശംസകൾ പങ്കുവെച്ചത്.
രാഷ്‌ട്രപതിയ്‌ക്കും, പ്രധാനമന്ത്രിയ്‌ക്കും പുറമേ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും ഈസ്റ്റർ ആശംസകൾ നേർന്നിട്ടുണ്ട്. ക്രിസ്തുദേവന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ദിനത്തിൽ ഏവർക്കും ആശംസകൾ. സ്‌നേഹമെന്നത് വെറുപ്പിനേക്കാൾ ശക്തിയുള്ളതാണെന്നും, എല്ലാക്കാലത്തും തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടുമെന്നുമുള്ള ഓർമ്മപ്പെടുത്തൽ ആണ് ഈസ്റ്റർ. എല്ലാവർക്കും ഒത്തൊരുമിച്ച് ഈ ഈസ്റ്റർ ദിനം ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments